Life StyleNEWS

”ഇത് എന്റെയും അച്ഛനാണെന്ന് പിന്നീടാണ് മനസിലായത്; ഒരുമിച്ച് ഫോട്ടോ എടുത്ത ബന്ധം മാത്രമേ ഉള്ളൂ”

ബോളിവുഡിലെ എക്കാലത്തേയും പ്രിയപ്പെട്ട നായികയാണ് രേഖ. പതിനഞ്ച് വയസ്സുള്ളപ്പോഴാണ് രേഖ നായികയായി അരങ്ങേറിയത്. അന്നുതൊട്ട് ഇങ്ങോട്ട് സിനിമയില്‍ എന്നും മികച്ചത് മാത്രമാണ് രേഖ സമ്മാനിച്ചത്. വ്യക്തി ജീവിതത്തില്‍ താളം തെറ്റിയെങ്കിലും സിനിമയില്‍ തന്റെ ശക്തമായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ രേഖക്ക് സാധിച്ചു.

സിനിമയില്‍ എത്തിയത് അച്ഛന്റെയോ അമ്മയുടെയോ സഹായമില്ലാതെയായിരുന്നു. ഇന്റി ഗുട്ടു എന്ന തെലുഗു ചിത്രത്തിലൂടെയാണ് ബാലതാരമായി രേഖ അഭിനയിക്കുന്നത്. 1970ല്‍ സാവന്‍ ബഡോണ്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് രേഖ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഒറ്റക്ക് സിനിമയില്‍ എത്തിയെങ്കിലും രേഖ ഒരു സിനിമാ പാരമ്പര്യമുള്ള താരം തന്നെയാണ്. കാരണം സൂപ്പര്‍സ്റ്റാര്‍ ജെമിനി ഗണേശന്റെ മകളാണ് രേഖ.

Signature-ad

ജെമിനി ഗണേഷന്റെ നാലു ഭാര്യമാരില്‍ ഒരാളായ പുഷ്പവല്ലിയില്‍ ഉണ്ടായ മകള്‍. പുഷ്പവല്ലി തെലുഗു സിനിമകളിലെ നായികയായിരുന്നു. അലമേലു, സാവിത്രി എന്നിവരെ വിവാഹം ചെയ്ത സമയത്ത് പുഷ്പവല്ലിയും അദ്ദേഹത്തിന്റെ പാങ്കാളിയായിരുന്നു. രേഖയ്ക്ക് അച്ഛനോട് യാതൊരു തരത്തിലുള്ള അടുപ്പവും ഇല്ലെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സ്വന്തം അച്ഛനില്‍ നിന്ന് തനിക്ക് സ്‌നേഹം ലഭിച്ചിട്ടില്ലെന്നും അതിന്റെ പേരില്‍ അച്ഛനോട് പ്രത്യേകം ഇഷ്ടം ഇല്ലെന്നും പഴയൊരു അഭിമുഖത്തിനിടെ രേഖ പറഞ്ഞിരുന്നു.

”ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ ഞങ്ങളില്‍നിന്ന് അകന്നിരുന്നു. അന്നെനിക്ക് ഓര്‍മ പോലുമില്ല. പറഞ്ഞുകേട്ട അറിവ് മാത്രമേയുള്ളൂ. എന്നാല്‍, അച്ഛനോടുള്ള പ്രണയം ലഹരി പോലെ കൊണ്ടു നടക്കുമായിരുന്നു അമ്മ അപ്പോഴും”. അച്ഛന്‍ കുടുംബത്തെ വിട്ടകന്നതോടെ, സാമ്പത്തികമായും അവര്‍ തകര്‍ന്നു. അച്ഛന് നാല് ഭാര്യമാരില്‍നിന്നായി കുറേ കുട്ടികളുണ്ടായിരുന്നു. ഞങ്ങളെല്ലാവരും പഠിച്ചതും ഒരേ സ്‌കൂളില്‍ തന്നെ. പലപ്പോഴും ആദ്യ ഭാര്യയിലെ മക്കളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ അച്ഛന്‍ വരാറുണ്ട്.

അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഇത് എന്റെയും അച്ഛനാണെന്ന്. ചെറുപ്പത്തില്‍ ഒരിക്കല്‍ പോലും അച്ഛന്‍ എന്നെ ശ്രദ്ധിച്ചിട്ടില്ല. എന്നെക്കുറിച്ച് അന്നൊക്കെ അദ്ദേഹത്തിന് അറിയുമായിരുന്നോ എന്നു പോലും സംശയമുണ്ട്. നമ്മള്‍ ഒരു കാര്യം അനുഭവിച്ചറിഞ്ഞാലേ അതിനെക്കുറിച്ച് പറയാന്‍ കഴിയൂ. അച്ഛന്റെ സ്നേഹം ഞാനറിഞ്ഞിട്ടില്ല. അതുകൊണ്ട് അച്ഛന്‍ എന്ന വാക്കിന്റെ അര്‍ത്ഥവും എനിക്കറിയില്ല. ഇടയ്ക്കെപ്പോഴോ ഒരുമിച്ച് ഒരു ഫോട്ടോ എടുത്തിരുന്നു. അത്രയേ ഉള്ളൂ”.

ജെമിനി ഗണേശന്‍ മരിച്ച സമയത്ത്, നിരവധി ചോദ്യങ്ങള്‍ രേഖക്ക് നേരെ വന്നിരുന്നു. ”അച്ഛനൊരിക്കലും എന്റെ കൂടെയുണ്ടായിട്ടില്ല. അച്ഛന്‍ എന്നത് വെറും സങ്കല്‍പം മാത്രമായിരുന്നു”, ഇങ്ങനെയായിരുന്നു ഈ ചോദ്യങ്ങള്‍ക്കൊക്കെ രേഖ കൊടുത്ത മറുപടി. അച്ഛന്റെ സ്‌നേഹം ലഭിക്കാതെ വന്ന ഒരു മകളുടെ വിഷമം ആ വാക്കുകളില്‍ കാണാന്‍ സാധിക്കും. മാത്രമല്ല അച്ഛന്‍ ഉണ്ടായിട്ടും ഇല്ലാത്ത പോലെ വളര്‍ന്ന മകളാണ് രേഖ.

രേഖക്ക് എല്ലാ കാലത്തും കിട്ടാതെ പോയതും അത്തരത്തിലുള്ള ആത്മാര്‍ത്ഥമായ സ്‌നേഹമാണ്. രേഖയുടെ ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നു, അവര്‍ അങ്ങേയറ്റം സ്‌നേഹിച്ചയാളുകള്‍. പക്ഷേ തിരിച്ചുകിട്ടിയത് അവഗണനയും നിരാശയും. പലതരത്തിലുള്ള ആക്രമണങ്ങള്‍ രേഖ നേരിട്ടുണ്ട്. എന്നാല്‍, അങ്ങോട്ട് പ്രണയിച്ചവരെല്ലാം തന്നെ ഉപേക്ഷിച്ച് പോയിട്ടേയുള്ളൂ. അച്ഛനില്‍ നിന്നും കിട്ടിയ അവഗണന എല്ലാ തരത്തിലും രേഖയെ ബാധിച്ചിരുന്നു. അതുപോലെ ആയിരുന്നു പ്രണയ തകര്‍ച്ചകളും.

 

Back to top button
error: