IndiaNEWS

മോദിക്കും നാഗ്പുരിനും ്രപിയങ്കരന്‍; ഫഡ്‌നവിസ് ബിജെപി ദേശീയ അധ്യക്ഷനായേക്കും

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് (54) ബിജെപി ദേശീയ അധ്യക്ഷനായേക്കുമെന്ന് അഭ്യൂഹം ശക്തം. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുടുംബസമേതം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച പ്രചാരണം സജീവമായത്.

നിലവിലെ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു. പിന്നീട് നീട്ടിക്കൊടുക്കുകയായിരുന്നു. ഫഡ്‌നവിസിനു പുറമേ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി വിനോദ്താവഡെ(മഹാരാഷ്ട്ര), കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ (ഒഡിഷ)
എന്നിവരുടെ പേരും അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുണ്ട്.

Signature-ad

ആര്‍.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ നാഗ്പുരില്‍നിന്നുള്ള ഒരു നേതാവ് വേണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. നാഗ്പുരില്‍ നിന്നുള്ള ബ്രാഹ്‌മണ സമുദായാംഗമായ ഫഡ്‌നവിസിന്റെ കുടുംബം ആര്‍.എസ്.എസ്. രൂപീകരണം മുതല്‍ സംഘടനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഇത് ഫഡ്‌നവിസിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

മികച്ച സംഘാടകനെന്ന സല്‍പേര്, വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്ന ശൈലി, പ്രസംഗപാടവം, രാഷ്ട്രീയ തന്ത്രങ്ങളിലെ മികവ്, പ്രായക്കുറവ് തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പ്രധാനമന്ത്രിക്കു പ്രത്യേക താല്‍പര്യമുളള ഫഡ്‌നാവിസിന് അനുകൂലമായുണ്ട്.

അതേസമയം, ഫഡ്‌നവിസിനെ പാര്‍ട്ടി അധ്യക്ഷനായോ മോദിമന്ത്രിസഭയിലെ അംഗമായോ ഉയര്‍ത്തണമെന്ന് ബി.ജെ.പിക്കുള്ളില്‍ അഭിപ്രായമുണ്ട്. ഒക്ടോബറില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ മഹാരാഷ്ട്രയില്‍ ബിജെപിയുടെ മുഖമായ ഫഡ്‌നാവിസിനെ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ആശങ്കയുമുണ്ട്. തലയെടുപ്പുള്ള മറ്റൊരു നേതാവ് സംസ്ഥാന ബിജെപിയിലില്ല. തല്‍ക്കാലം ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിലനിര്‍ത്തി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ആക്കി നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അധ്യക്ഷപദവിയിലേക്ക് ഉയര്‍ത്തുക എന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.

ഫഡ്‌നവിസിനെ ദേശീയ അധ്യക്ഷനാക്കുന്നതിനോടാണ് ആര്‍.എസ്.എസിന് താത്പര്യം. അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് തരംതാഴ്ത്തിയതില്‍ ആര്‍.എസ്.എസിന് അതൃപ്തി ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കുണ്ടായ പരാജയത്തിനുശേഷം ഫഡ്നവിസിനെ മഹാരാഷ്ട്രയില്‍ നിലനിര്‍ത്തുന്നതിനോട് ബി.ജെ.പി. നേതൃത്വത്തിന് താത്പര്യമില്ലെന്നും അറിയുന്നു. മറാഠ, ദളിത്, അധഃസ്ഥിത സമുദായങ്ങള്‍ക്കിടയില്‍ ഫഡ്നവിസിനെതിരേ ഉയര്‍ന്നിട്ടുള്ള എതിര്‍പ്പ് നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിക്ക് കാരണമായേക്കുമെന്ന് ദേശീയ നേതൃത്വത്തിന് ആശങ്കയുണ്ട്.

 

 

 

Back to top button
error: