CrimeNEWS

യുവതിക്കു നേരെ വെടിയുതിര്‍ത്ത സംഭവം: ആക്രമണം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: വഞ്ചിയൂരിലെ വീട്ടില്‍ കുറിയര്‍ നല്‍കാനെന്ന വ്യാജേന മുഖം മറച്ച് എത്തി നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസില്‍, ആക്രമണം നടത്തിയ സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞു. നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്നാണു സൂചന. ദൃശ്യങ്ങള്‍ ഷിനിയെ കാണിച്ച് പൊലീസ് ഇതു ഉറപ്പുവരുത്തുകയും ചെയ്തു.

ഈ സ്ത്രീ കാറില്‍ സഞ്ചരിക്കുന്ന ദൃശ്യവും കാറില്‍ നിന്നു പുറത്തിറങ്ങി നില്‍ക്കുന്ന ദൃശ്യവും നാവായിക്കുളം, കല്ലമ്പലം എന്നിവിടങ്ങളിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നാണ് പൊലീസിനു ലഭിച്ചത്. പ്രതി കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണെന്നു സംശയമുണ്ടെങ്കിലും ഇതു സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു.

Signature-ad

ഞായര്‍ രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. പാല്‍ക്കുളങ്ങര ചെമ്പകശേരി ലെയ്‌നിലെ വീട്ടില്‍ കുറിയര്‍ നല്‍കാനെന്ന പേരിലാണ് ഒരു സ്ത്രീ മുഖം മറച്ച് എത്തിയത്. ഷിനിക്കു കുറിയര്‍ ഉണ്ടെന്നും റജിസ്റ്റേഡ് ആയതിനാല്‍ അവര്‍ തന്നെ ഒപ്പിട്ടു വാങ്ങണമെന്നും ഷിനിയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ ഭാസ്‌കരന്‍ നായരോട് പ്രതി പറഞ്ഞു. ഷിനി പേപ്പറില്‍ ഒപ്പിടാന്‍ തുടങ്ങുമ്പോഴാണു വെടിയുതിര്‍ത്തത്. വ്യാജ നമ്പര്‍ പതിച്ച കാറിലെത്തി ഷിനിയെ ആക്രമിച്ച ശേഷം ചാക്ക വഴിയാണ് പ്രതി രക്ഷപ്പെട്ടത്.

കുളത്തൂര്‍, കഴക്കൂട്ടം, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ആറ്റിങ്ങല്‍ , കല്ലമ്പലം തുടങ്ങിയ സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നു പത്തിലേറെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവദിവസം രാവിലെ കൊല്ലം ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു കാര്‍ സഞ്ചരിച്ച വഴികളിലെ ക്യാമറാ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇരുനൂറോളം നിരീക്ഷണ ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്.

പ്രതിയെ തിരിച്ചറിഞ്ഞതോടെ പൊലീസ് വീണ്ടും ഷിനിയുടെ മൊഴിയെടുത്തു. ഷിനിയുടെ ഭര്‍ത്താവ് സുജീത് സംഭവമറിഞ്ഞു മാലദ്വീപില്‍ നിന്നു നാട്ടിലെത്തി. സുജീത്തില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. കയ്യില്‍ വെടിയേറ്റ ഷിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.

Back to top button
error: