KeralaNEWS

ദുരന്തഭൂമിയായി വയനാട്; 19 മരണം സ്ഥിരീകരിച്ചു, മരിച്ചവരില്‍ 3 കുട്ടികളും, രക്ഷാദൗത്യത്തിന് സൈന്യമെത്തും

വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂര്‍ കന്റോണ്‍മെന്റില്‍ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ സുളൂരില്‍ നിന്നും എത്തും.

എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി മുണ്ടക്കൈയില്‍ എത്തി. ആര്‍മി ടീം കോഴിക്കോട് നിന്നും തിരിച്ചിട്ടുണ്ട്. സുലൂരില്‍ നിന്നും ഹെലികോപ്റ്ററുകള്‍ പുറപ്പെട്ടു. പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ഉള്‍പ്പെടെ സംഘത്തിലുണ്ട്. 2 സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം ഉപയോഗി ക്കുക. ടെറിട്ടോറിയല്‍ ആര്‍മി കോഴിക്കോട് 122 ബെറ്റാലിയനില്‍ നിന്നും ഒരു കമ്പനി ഉടന്‍ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. ആര്‍മി, എയര്‍ ഫോഴ്‌സ്, നേവി തുടങ്ങിയ സേനാ വിഭാഗങ്ങള്‍ വയനാട്ടിലേക്ക് എത്തും. സതേണ്‍ മേഖലയിലുള്ള സേനാ വിഭാഗങ്ങളോട് ഉടന്‍ വയനാട്ടിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Signature-ad

മുണ്ടക്കൈ അട്ടമല ചൂരല്‍മല ഭാഗങ്ങളിലാണ് ദുരന്തം ഉണ്ടായിരിക്കുന്നത്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നു. ഹാരിസണ്‍സിലെ 100 തോട്ടം തൊഴിലാളികളെ കാണാനില്ലെന്ന് കമ്പനി സിഇഒ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: