‘കാറില്‍വെച്ച് അയാളെന്റെ കയ്യില്‍പിടിച്ചു, ശേഷം…’; ഡല്‍ഹിയിലെ ലൈംഗികാതിക്രമം വിവരിച്ച് തിലോത്തമ
വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ബോളിവുഡ് നടിയാണ് തിലോത്തമ ഷോമി. തനിക്ക് ഡല്‍ഹിയില്‍വെച്ച് നേരിടേണ്ടിവന്ന ഒരു ലൈംഗികാതിക്രമത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. അതിയായ മനോവേദനയുണ്ടാക്കിയ അനുഭവമെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തിലോത്തമ ഇതിനെ വിശേഷിപ്പിച്ചത്.
ജനുവരി-ഫെബ്രുവരി മാസങ്ങളിലൊന്നില്‍ ഡല്‍ഹിയില്‍ ബസ് കാത്തുനില്‍ക്കവേയാണ് എല്ലാത്തിന്റെയും തുടക്കമെന്ന് തിലോത്തമ ഷോമി പറഞ്ഞു. ബസ് സ്റ്റോപ്പില്‍ നില്‍ക്കവേ പൊടുന്നനെയാണ് ഒരു കാര്‍ അടുത്തുവന്നു നിന്നത്. വാഹനത്തില്‍നിന്നിറങ്ങിയ ഒരുസംഘമാളുകള്‍ ചുറ്റുംകൂടിനിന്ന് ശല്യപ്പെടുത്താന്‍തുടങ്ങി. എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയില്‍ അല്പംകൂടി മുന്നോട്ടേക്ക് മാറിനിന്നു. കാരണം ഓടിയാല്‍ അവര്‍ പിന്നാലെ വരുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് ഏതെങ്കിലും വാഹനത്തിന് കൈകാട്ടാമെന്ന ധാരണയില്‍ ആ റോഡില്‍ നിന്നെന്ന് തിലോത്തമ പറഞ്ഞു.
ഒരുപാട് കാറുകളും വാഹനങ്ങളും അതുവഴി പോയെങ്കിലും ഒന്നും നിര്‍ത്തിയില്ലെന്ന് നടി പറയുന്നു. അപ്പോഴാണ് മെഡിക്കല്‍ ചിഹ്നം പതിച്ച ഒരു കാര്‍ വരുന്നതും അരികില്‍ നിര്‍ത്തുന്നതും. പ്രാണരക്ഷാര്‍ത്ഥം അതിന്റെ മുന്‍സീറ്റിലാണ് ഒരു അപരിചിതനൊപ്പം കയറിയിരുന്നതെന്നും തിലോത്തമ ഷോമി പറഞ്ഞു.
‘കുറച്ചുദൂരമേ മുന്നോട്ടുപോയുള്ളൂ. അയാള്‍ എന്റെ കൈ പിടിക്കുകയും അയാളുടെ പാന്റ്‌സിന്റെ സിബ്ബ് അഴിക്കുകയും ചെയ്തു. അയാളെന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു. ആ സമയത്ത് ഞാനെന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. എന്തോ ഒന്ന് സംഭവിച്ചതുകൊണ്ട് അയാള്‍ക്ക് കാര്‍ നിര്‍ത്തേണ്ടിവന്നു. എന്നോട് പുറത്തിറങ്ങാന്‍ അയാള്‍ പറഞ്ഞു.
അയാളൊരു ഡോക്ടറായതുകൊണ്ട് സുരക്ഷിതത്വമുണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ അയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങിയ ആ നിമിഷം ഞാനയാളെ അടിച്ചു. അതൊരു ഭീകരമായ അനുഭവമായിരുന്നു. ഞാന്‍ ശരിക്കും വിറച്ചുപോയി. എന്നാല്‍ തിരിച്ചടിക്കാനുള്ള എന്റെ അവബോധം അപകടകരമായ അവസ്ഥയില്‍ നിന്ന് കരകയറാന്‍ ഒരുപാട് സഹായിച്ചു’, തിലോത്തമ ഷോമി ചൂണ്ടിക്കാട്ടി.
നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായ ‘ത്രിഭുവന്‍ മിശ്ര: സി.എ ടോപ്പറി’ലാണ് തിലോത്തമ ഒടുവില്‍ വേഷമിട്ടത്. മാനവ് കൗള്‍ ആണ് സീരീസില്‍ മുഖ്യവേഷത്തില്‍. ജിതേന്ദ്ര കുമാര്‍ നായകനായ കോട്ട ഫാക്ടറിയിലും തിലോത്തമ മുഖ്യവേഷത്തിലുണ്ട്.