ആലപ്പുഴ: കലവൂർ- പ്രീതികുളങ്ങര തെക്ക് റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചു മറിഞ്ഞ് ബ്ലോക്ക് പഞ്ചായത്തംഗം ഉൾപ്പെടെ 2 പേർ മരിച്ചു. സഹയാത്രികരായ 3 പേർക്ക് പരിക്കേറ്റു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരാരിക്കുളം തെക്ക് എൽ.ജി. നിവാസിൽ എം. രജീഷ് (37), കരോട്ടുവെളി അനന്തു (28) എന്നിവരാണു മരിച്ചത്. ഇന്നലെ (ഞായർ) രാത്രി ഒൻപതരയോടെയിരുന്നു അപകടം.
സുഹൃത്തുക്കളായ പീലിക്കകത്തു വെളി അഖിൽ (27), കരോട്ടു വെളി സുജിത്ത് (26), സദാശിവം വീട്ടിൽ അശ്വിൻ (21) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരായ രജീഷും സുഹൃത്തുക്കളും മാരൻകുളങ്ങരയിൽ നിന്നു കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കാറോടിച്ചിരുന്നത് അശ്വിനാണ്.
നിയന്ത്രണം വിട്ട കാർ റോഡിലെ വളവിൽ കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകുടി കയറി സമീപത്തെ വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ദ്യാരക തോട്ടു ചിറ വിജയകുമാറിന്റെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് 5 പേരെയും പുറത്തെടുത്തത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് രജീഷും അനന്തുവും മരിച്ചത്.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിലെ അംഗമായ രജീഷ് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനാണ്. സി.പി.എം വളവനാട് ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മാരാരിക്കുളം ഏരിയ കമ്മിറ്റി സെക്രട്ടറിയുമാണ്. മണിയപ്പൻ-ഓമന ദമ്പതികളുടെ മകനാണ്. സഹോദരി: റാണി.
കയർഫെഡിലെ ജോലിക്കാരനാണ് അനന്തു. മാതാവ്: ബീന. സഹോദരൻ: അർജുൻ.