KeralaNEWS

ശ്രീകോവിലിനുള്ളില്‍ പൂജ ചെയ്തുകൊണ്ടിരിക്കെ പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം: ശ്രീകോവിലിനുള്ളില്‍ പൂജ ചെയ്തുകൊണ്ടിരിക്കെ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്ത് പോലീസ്. മണക്കാട് മുത്തുമാരി അമ്മന്‍ ക്ഷേത്രത്തിലെ പൂജാരി അരുണ്‍ പോറ്റിയെയാണ് പൂന്തുറ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകിട്ട് 5.45ഓടെയാണ് അരുണ്‍ പോറ്റിയെ പൂന്തുറ പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.

ജൂണ്‍ 25ന് പൂന്തുറ ദേവീ ക്ഷേത്രത്തില്‍ നടന്ന പഞ്ചലോഹവിഗ്രഹ കവര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നു പോലീസ് നടപടി. മുന്‍പ് അരുണ്‍ ഈ ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു. എന്നാല്‍ തനിക്ക് വിഗ്രഹം കാണാതായതില്‍ തനിക്കൊരു ബന്ധവുമില്ലെന്ന് അറിയിച്ചെങ്കിലും പോലീസ് അരുണിനെ ബലമായി കൊണ്ടു പോവുകയായിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എട്ടു മണിയോടെ അരുണിനെ പോലീസ് തന്നെ തിരികെ കൊണ്ടു വിട്ടു.

Signature-ad

പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനാലാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൂന്തുറ പോലീസിന്റെ വിശദീകരണം. എന്നാല്‍ പോലീസ് വിളിച്ചപ്പോള്‍ ശനിയാഴ്ച സ്റ്റേഷനില്‍ എത്താമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണെന്ന് അരുണ്‍ പറഞ്ഞു. പൂജ നടക്കുകയാണെന്നും അത് കഴിഞ്ഞു എത്താമെന്ന് പറഞ്ഞെങ്കിലും പോലീസ് കേള്‍ക്കാന്‍ തയാറായില്ലെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് തന്നെ വിലങ്ങ് വച്ച് കൊണ്ടുപോയതെന്നും ഇത്രയേറെ അപമാനം ഉണ്ടായിട്ടില്ലെന്നും ഇതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

ക്ഷേത്രം തുറന്നിരിക്കെ പൂജാരിയെ ബലമായി കസ്റ്റഡിയില്‍ എടുത്തതിനെതിരെ മുത്തുമാരി അമ്മന്‍ ക്ഷേത്ര ഭാരവാഹികള്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. പോലീസിന്റെ അനാവശ്യ കടന്നുകയറ്റം കാരണം നിരവധി പൂജകള്‍ മുടങ്ങിയെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നന്ദകുമാര്‍ പറഞ്ഞു.

Back to top button
error: