NEWSWorld

കുഞ്ഞുങ്ങൾ ബാദ്ധ്യത…! ജനിക്കുന്നതിന് മുൻപേ നാം കുഞ്ഞുങ്ങളെ കൊല്ലുന്നു, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

ലൈഫ്‌സ്റ്റൈൽ

സുനിൽ കെ ചെറിയാൻ

Signature-ad

❥ അവിവാഹിതയായ ഒരു യുവതി ഡോക്ടറെ കാണുന്നു. ഫലോപ്പിയൻ ട്യൂബ് (അണ്ഡവാഹിനിക്കുഴൽ) റിമൂവ് ചെയ്യണം! ഡോക്ടർ ഞെട്ടിത്തരിച്ച് ചോദിക്കുന്നു:

”എന്തിന്?”

”എനിക്ക് കുഞ്ഞുങ്ങൾ വേണ്ട”

”നിന്നെ കെട്ടുന്നവന് വേണമെങ്കിലോ…?”
ഡോക്ടർ സന്ദേഹിച്ചു.

”അങ്ങനെയൊരാളെ ഞാൻ കെട്ടുന്നില്ല!”

യുവതി സംശയലേശമന്യേ മറുപടി നൽകി.

❥ യുവദമ്പതികൾ അബോർഷന് ഡോക്ടറെ സമീപിക്കുന്നു. നിങ്ങളുടെ മൂന്നാമത്തെയോ നാലാമത്തെയോ ‘വിശേഷം’ എന്ന് ഡോക്ടർ ചോദിക്കുന്നു.
‘അല്ല, ആദ്യത്തെ…’ എന്ന് ദമ്പതികൾ.
‘കുഞ്ഞുങ്ങൾ കുറച്ച് കഴിഞ്ഞ് മതി എന്നാണോ’ എന്ന് ഡോക്ടർ.

”കുഞ്ഞുങ്ങൾ ഒരിക്കലും വേണ്ട…”  ദമ്പതികൾ മറുപടി നൽകി.
”കാരണം?”
”കുറേ പണമുണ്ടാക്കണം, ചുറ്റിക്കറങ്ങണം, ഇഷ്ടമുള്ളത് ഇഷ്ടമുള്ളപ്പോൾ ചെയ്യണം. കുട്ടികൾ തടസ്സമാണ്! വലിയ ചിലവുമാണ്…!”

❥ അമേരിക്ക ആസ്ഥാനമായ ‘പ്യൂ റിസേർച്ച് സെന്റർ’ ഈയിടെ പുറത്ത് വിട്ട പഠനത്തിലാണ്, കുട്ടികൾ ഉണ്ടാവുക എന്നത്  ദാമ്പത്യത്തിൽ അവിഭാജ്യ ഘടകമല്ല എന്ന് നിരവധി പേർ അഭിപ്രായപ്പെട്ടത്. ജോലി, സൗഹൃദം എന്നിവയാണ് വിവാഹം, ദാമ്പത്യജീവിതം എന്നിവയേക്കാൾ യുവത്വത്തിന് കൂടുതൽ ഇഷ്‌ടം.

ഒരുത്തൻ ഒരു കുഞ്ഞിനെ തന്നിട്ട്  ഉപേക്ഷിച്ചു പോയാൽ അതിനെയും വഹിക്കേണ്ടേ എന്ന് സ്ത്രീകൾ ആശങ്കപ്പെടുന്നു. ഗർഭവും പ്രസവവും ശരീരശാസ്ത്രം മാറ്റുമെന്ന് അവരുടെ സാമ്പത്തികശാസ്ത്രം പറയുന്നു.

സ്ത്രീകളാണ് കുട്ടികൾ വേണ്ട എന്ന ധീരനിലപാട് എടുക്കുന്നതിൽ മുൻപന്തിയിൽ. കാരണം 20 വയസ്സ് മുതൽ 35 വയസ്സ് വരെയുള്ള  ജീവിതം കൂടുതലായും കുട്ടികളെ പരിപാലിക്കുന്നതിനായി നഷ്ടപ്പെടുന്നു എന്നാണ് അവരുടെ പരാതി. ഇക്കാലജീവിതം കൊണ്ട് എന്തൊക്കെ നേടാമായിരുന്നു. കരിയറിലെ ഉയർച്ച, യാത്രകൾ, സംരംഭങ്ങൾ, സ്റ്റാർട്ട് അപ്പുകൾ…   അതൊക്കെ ഒന്നുകിൽ നടക്കാത്തതിനോ അല്ലെങ്കിൽ അമാന്തിക്കുന്നതിനോ കാരണമായി  ചൂണ്ടിക്കാട്ടുന്നത് കുഞ്ഞുങ്ങളാണ്.

ഇതിനർത്ഥം മനുഷ്യർക്ക് കുഞ്ഞുങ്ങളോട് ഇഷ്ടമില്ല എന്നല്ല. ഗർഭധാരണം, പ്രസവം, ശിശുപരിപാലനം തുടങ്ങിയ പരിപാടികൾക്ക് സമയമോ സൗകര്യമോ സന്നദ്ധതയോ ഇല്ല എന്നതാണ്.
അപ്പോൾ ഒരു സാധ്യത ഇങ്ങനെയാണ്: പട്ടിക്കുഞ്ഞുങ്ങളെ വാങ്ങുന്നത് പോലെ മനുഷ്യക്കുഞ്ഞുങ്ങളെയും വാങ്ങാം, വളർത്താം, കൈമാറാം…

ഭ്രാന്ത് നിറഞ്ഞ ലോകത്തേയ്ക്ക് ഇനി പോകേണ്ടെന്നും പറഞ്ഞ് ‘തനിയാവർത്തന’ത്തിലെ കവിയൂർ പൊന്നമ്മയുടെ കഥാപാത്രം മമ്മൂട്ടിയുടെ കഥാപാത്രത്തെ കൊല്ലുന്നില്ലേ?
നമ്മൾ കുഞ്ഞുങ്ങളെ ജനിക്കുന്നതിന് മുൻപേ കൊല്ലുന്നു!

Back to top button
error: