സിനിമ ഹിറ്റാകാന്‍ കഥ നന്നാകണമെന്നില്ല, തമന്നയുടെ ഡാന്സുണ്ടായാല് മതി! പിന്നാലെ ക്ഷമാപണവുമായി പാര്ത്ഥിപന്
നടനും സംവിധായകനുമായ പാര്ത്ഥിപന് പുതുതായി സംവിധാനം ചെയ്ത ‘ടീന്‍സ്’ എന്ന ചിത്രം ഈയടുത്താണ് റിലീസ് ചെയ്തത്. ശങ്കറിന്റെ കമല്‍ ഹാസന് ചിത്രം ‘ഇന്ത്യന്‍ 2’നൊപ്പം റിലീസ് ചെയ്തെങ്കിലും താരതമ്യേന മെച്ചപ്പെട്ട പ്രതികരണമാണ് തീയേറ്ററില്‍ ടീന്‍സിന് ലഭിച്ചത്.
ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പാര്ത്ഥിപന് നടത്തിയ പ്രസംഗം വലിയ തോതില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നടി തമന്നയെ പരാമര്‍ശിച്ചുകൊണ്ട് പാര്ത്ഥിപന് സംസാരിച്ചതാണ് വിവാദമായത്. ‘ഇക്കാലത്ത് ഒരു സിനിമ ഹിറ്റാകണമെങ്കില്‍ കഥ പെര്‍ഫെക്ട് ആകണമെന്നില്ല. തമന്നയുടെ ഡാന്‍സ് അവതരിപ്പിച്ചാല്‍ കഥ പെര്‍ഫെക്ട് അല്ലെങ്കിലും സിനിമ ഓടും.’ എന്നായിരുന്നു പാര്‍ത്ഥിപന്റെ കമന്റ്.
ഈയടുത്ത് തമിഴില്‍ ഹിറ്റായ രജനീകാന്ത് ചിത്രം ‘ജയിലര്‍’, സുന്ദര്‍ സി സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമായ അരന്മനൈ-4 എന്നിവയില്‍ തമന്നയുടെ ഡാന്‍സ് ഉണ്ടായിരുന്നു. കാവാലയ്യ, അച്ചോ അച്ചോ എന്നീ ഗാനങ്ങള്‍ വലിയ ഹിറ്റുമായി. ഇതിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് പാര്‍ത്ഥിപന്റെ അഭിപ്രായപ്രകടനം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി പാര്ത്ഥിപന് രംഗത്തെത്തി.
തന്റെ അഭിപ്രായം തമന്നെയെയോ മറ്റേതെങ്കിലും നടിയെയോ വിലകുറച്ച് കാണാനല്ലെന്നും തമിഴ് സിനിമയുടെ കഥയും ആഖ്യാനവും കുറയുന്നതിലെ ആശങ്ക പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും നടന് പറഞ്ഞു. തന്റെ വാക്കുകള്‍ തമന്നയെയോ ആരാധകരെയോ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നതായും പാര്ത്ഥിപന് പറഞ്ഞു. തമന്നയോ മറ്റ് താരങ്ങളോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.