CrimeNEWS

മുഹ്‌റം ഘോഷയാത്രക്ക് വെള്ളം കൊടുക്കുന്നതിനിടെ ഏഴു വയസുകാരിയെ കാണാതായിട്ട് മൂന്നു വര്‍ഷം; പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളുടെ തിരോധാനം തുടരുമ്പോള്‍

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ അവശേഷിക്കുന്ന ന്യുനപക്ഷ സമുദായങ്ങളിലെ പെണ്‍കുട്ടികളുടെ ദുരൂഹമായ തിരോധാനങ്ങള്‍ തുടരുന്നു. സിന്ധ് പ്രവിശ്യയില്‍ 2021-ല്‍ കാണാതായ ഹിന്ദു പെണ്‍കുട്ടി പ്രിയാകുമാരിയെ ഇനിയും കണ്ടെത്തിയിട്ടില്ല. കാണാതാവുമ്പോള്‍ വെറും എഴുവയസ്സുമാത്രമാണ് കുട്ടിക്കുണ്ടായിരുന്നത്.

പാക്കിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയിലെ സുക്കൂറിനടുത്തുള്ള ഒരു ചെറിയ പട്ടണമായ സംഗ്രാറിലെ തന്റെ വീടിനടുത്തുള്ള മുഹറം ആഷുറ ഘോഷയാത്രയ്ക്ക് സര്‍ബത്ത് വിളമ്പുന്നതിനിടെ 2021 ഓഗസ്റ്റ് 19-ന് ആണ് പ്രിയാകുമാരിയെ കാണാതവുന്നത്. ഇത്രയും കാലം കഴിഞ്ഞിട്ടും തന്റെ മകളെ വീണ്ടെടുത്തിട്ടില്ലെന്ന് കാണിച്ച്, മാതാപിതാക്കളായ രാജ് കുമാര്‍ പാലും ഭാര്യ വീണാ കുമാരിയും വെള്ളിയാഴ്ച കറാച്ചിയിലെ ക്ലിഫ്ടണ്‍ ഏരിയയിലെ പ്രശസ്തമായ ടീന്‍ തല്‍വാര്‍ ലാന്‍ഡ്മാര്‍ക്കില്‍ പ്രതിഷേധ പ്രകടനം നടത്തി. തങ്ങളുടെ മകളെ അന്വേഷിക്കുകയാണെന്നും അവളെ ഉടന്‍ കണ്ടെത്തിത്തരണമെന്നും ഇരുവരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളും, ന്യൂനപക്ഷ അവകാശ- മനുഷ്യാവകാശ സംഘടനകളും, ഇപ്പോള്‍ ഏറ്റെടുത്തിരിക്കയാണ്.

Signature-ad

സംഭവം രാജ്യാന്തര തരത്തില്‍ എത്തിയതോടെ, സിന്ധ് ആഭ്യന്തര മന്ത്രി അടക്കമുള്ളവര്‍ കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്.2021-ലെ ആഷുറാ ഘോഷയാത്രയ്ക്ക് ചുറ്റും ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നിട്ടും അവളെ കാണാതാവുകായിയിരുന്നു. കേസില്‍ ഒരു സാക്ഷിയും ഉണ്ടായിരുന്നില്ല. സിന്ധില്‍ ഗണ്യമായ ഒരു ഹിന്ദു സമൂഹമുണ്ട്. പ്രിയയുടെ തിരോധാനത്തിന് ശേഷം തങ്ങളുടെ പെണ്‍മക്കളുടെയും സഹോദരിമാരുടെയും സുരക്ഷയെക്കുറിച്ച് ആളുകള്‍ക്കിടയില്‍ കൂടുതല്‍ ആശങ്കയും ഭയവും ഉണ്ടെന്ന് രാജ് പറയുന്നു. അതേസമയം ഹിന്ദു- ക്രിസ്ത്യന്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സഗം ചെയ്യുന്ന രീതി സിന്ധില്‍ വ്യാപകമാണ്. അവശേഷിക്കുന്ന ന്യൂനപക്ഷങ്ങള്‍ ഇവിടെ ഭീതിയോടെയാണ് കഴിയുന്നത്.

സമാനതകള്‍ ഇല്ലാത്ത മതപീഡനമാണ്, പാക്കിസ്ഥാനിലെ മതന്യൂനപക്ഷം നേരിട്ടുകൊണ്ടിരിക്കുന്നത്. സിന്ധ് പ്രവിശ്യയിലെ അവേശേഷിക്കുന്ന ഹിന്ദുക്കളൊക്കെ ഏറ്റവും ഭയക്കുന്നത് തങ്ങളുടെ പെണ്‍കുട്ടികള്‍ ബലാത്സഗം ചെയ്യപ്പെടുമോ എന്നാണ്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുക, എന്നിട്ട് ബലാല്‍സംഗത്തിന് വിധേയായക്കി മൂന്നാലും ദിവസം കൂടെ പാര്‍പ്പിക്കുക. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയൊന്നും പൊലീസ് പരിഗണിക്കില്ല.

അവസാനം ഗത്യന്തരമില്ലാതെ പെണ്‍കുട്ടിക്ക് വിവാഹത്തിന് സമ്മതിക്കേണ്ടിവരും. അങ്ങനെ അവളെ ഇസ്ലാമിലേക്ക് മതം മാറ്റി നിക്കാഹ് കഴിക്കും. പിന്നീട് അവള്‍ സ്ഥലത്തെ പ്രമാണിയുടെ മൂന്നാമത്തെയോ നാലമത്തെയോ ഭാര്യയായി മാറുന്നു. അയാളുടെ ലൈംഗിക അടിമയായി അവളുടെ ജീവിതം തീരുന്നു. പാക്കിസഥാനിലെ സിന്ധ് പ്രവിശ്യയില്‍ വ്യാപകമായി നടക്കുന്ന ഈ അക്രമം സിന്ധ് മതംമാറ്റ ബലാല്‍സംഗങ്ങള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതാണ് അവിടെ ഹിന്ദു- സിഖ് കമ്യുണിറ്റി അനുഭവിക്കുന്ന പ്രധാനപ്രശ്നമെന്ന്, ബിബിസിയും, റിപ്പോര്‍ട്ടേഴ്സ് ബിയോണ്ട് ബോഡേഴ്സ് എന്ന സംഘടനയുമൊക്കെ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തങ്ങളുടെ കുട്ടികള്‍ സ്‌കൂളുകളില്‍ വര്‍ഗ്ഗീയ അക്രമത്തിനു ഇരയാകാതിരിക്കുവാന്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മുസ്ലിം നാമങ്ങള്‍ നല്‍കുവാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന വെളിപ്പെടുത്തലുമായി, പാക്കിസ്ഥാനിലെ കത്തോലിക്ക ബിഷപ്പ് തന്നെ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പാക്കിസ്ഥാനിലെ ഹൈദരാബാദ് രൂപത അധ്യക്ഷനായ സാംസണ്‍ ഷുക്കാര്‍ഡാണ്, ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് (എ.സി.എന്‍) നു നല്‍കിയ അഭിമുഖത്തില്‍് ഇക്കാര്യം വെളിപ്പെടുത്തിയത്.

പൊതുവിദ്യാലയങ്ങളില്‍ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട ക്രിസ്ത്യന്‍ കുട്ടികള്‍ അക്രമത്തിനിരയാകുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ മോശമായി ചിത്രീകരിച്ചിരിക്കുന്നതിനാല്‍, അവരെ അവിശ്വാസികളായിട്ടാണ് പരിഗണിച്ചു വരുന്നതെന്നും, ഇസ്ലാമാണ് ഏക മതമെന്നും, ഖുറാനിലൂടെ മാത്രമാണ് മോക്ഷം സാധ്യമാവുകയുള്ളൂവെന്നുമാണ് യാഥാസ്ഥിതികരായ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു.

ക്രിസ്ത്യാനികള്‍ക്ക് പുറമേ, ഹിന്ദുക്കളും മിതവാദികളായ മുസ്ലീങ്ങളും വരെ ആക്രമത്തിനിരയാവുന്നുണ്ടെന്നും, പാശ്ചാത്യ രാഷ്ട്രങ്ങളില്‍ എവിടെയെങ്കിലും മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പാക്കിസ്ഥാനിലെ വര്‍ഗ്ഗീയവാദികള്‍ ദേവാലയങ്ങള്‍ക്കു നേരെ അക്രമം അഴിച്ചുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിലും നെതര്‍ലന്‍ഡിസിലും ഉണ്ടായ പ്രശ്നങ്ങളുടെ പേരു പറഞ്ഞായിരുന്നു പാക്കിസ്ഥാനിലെ ചര്‍ച്ച് കത്തിക്കല്‍ അരങ്ങേറിയത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളും ഇവിടെ തട്ടിക്കൊണ്ടുപോകപ്പെടുന്നുണ്ട്. അതിന്റെയൊക്കെ തുടര്‍ച്ചതന്നെയാണ് പ്രിയാ കുമാരിയുടെ തിരോധാനവും എന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Back to top button
error: