ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരും സംസ്ഥാന ബിജെപിയും തമ്മിലുള്ള പോരു മുറുകുന്നതിനിടെ, ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ യോഗിക്കെന്നു റിപ്പോര്‍ട്ട്. സര്‍ക്കാരില്‍ നിലവില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണു സൂചന. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറികടന്ന്, വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കണമെന്നാണ് പ്രമുഖ നേതാക്കള്‍ക്ക് കിട്ടിയ നിര്‍ദേശം.
ഇത്ര വലിയ പ്രതിസന്ധി ഉയര്‍ന്നതിനാല്‍ അവ പരിഹരിക്കുമെന്ന് ഉറപ്പാണെന്നും എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ക്കുശേഷമേ അതുണ്ടാകുകയുള്ളൂ എന്നുമാണു നേതൃത്വം നല്‍കിയിരിക്കുന്ന സൂചന. 10 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. തീയതി ഉടന്‍ പ്രഖ്യാപിക്കും. എല്ലാ സീറ്റുകളും വിജയിക്കുക എന്നതുതന്നെയാണ് മാനദണ്ഡം. ഒരു സീറ്റ് കൈവിട്ടാലും പാര്‍ട്ടിയെ വലിയ രീതിയില്‍ ബാധിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്കു പിന്നാലെയാണ് സംസ്ഥാന ഘടകത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ഞായറാഴ്ച ലഖ്നൗവില്‍ നടന്ന ബിജെപി പ്രവര്‍ത്തക സമിതി യോഗത്തില്‍ പാര്‍ട്ടിയാണ് സര്‍ക്കാരിനേക്കാള്‍ വലുതെന്നും ആരും തന്നെ പാര്‍ട്ടിയേക്കാള്‍ വലിയവരല്ലെന്നും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ പറഞ്ഞിരുന്നു. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സാന്നിധ്യത്തിലായിരുന്നു മൗര്യയുടെ പ്രസംഗം. ഇതോടെ യോഗിയും മൗര്യയും തമ്മില്‍ നേരത്തേയുള്ള അസ്വാരസ്യം പരസ്യമായി.
പരാജയത്തിനു കാരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തന ശൈലിയാണെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍, അമിത ആത്മവിശ്വാസം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നായിരുന്നു യോഗി തിരിച്ചടിച്ചത്. ഇന്ത്യാ മുന്നണിയെ ഫലപ്രദമായി നേരിടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും യോഗി പ്രവര്‍ത്തക സമിതി യോഗത്തില്‍ കുറ്റപ്പെടുത്തി.
ഇതിനു പിന്നാലെ ബുധനാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിനെ കണ്ടത്. നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണു യോഗി ഗവര്‍ണറെ കണ്ടതെങ്കിലും മന്ത്രിസഭാ പുനഃസംഘടനയും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായതായാണു സൂചന.
അതിനിടെ, യുപി ബിജെപി അധ്യക്ഷന്‍ ഭൂപേന്ദര്‍ ചൗധരി പ്രധാനമന്ത്രി മോദിയുമായും ദേശീയ അധ്യക്ഷന്‍ നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചക്കിടെ സംസ്ഥാന നേതൃസ്ഥാനം ഒഴിയാന്‍ ചൗധരി തയാറായതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2027 ല്‍ യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവിനെയാണു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നേതൃത്വം പരിഗണിക്കുന്നത്. ജാട്ട് സമുദായത്തില്‍ നിന്നുള്ളയാളാണു നിലവിലെ സംസ്ഥാന അധ്യക്ഷനായ ഭൂപേന്ദര്‍ ചൗധരി. ഒബിസി നേതാവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടുവന്നു നിലവിലുള്ള ചേരിതിരിവ് അവസാനിപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം.