‘റീൽസു’കളുടെ കാലമാണിത്. വ്യത്യസ്ഥ പശ്ചാത്തലങ്ങളിൽ ചിത്രീകരിക്കുന്ന എണ്ണമറ്റ റീലുകളാണ് സമൂഹമാധ്യമങ്ങളിൽ വന്നു നിറയുന്നത്. ജനശ്രദ്ധ നേടാൻ അതിസാഹസീകമായാണ് പലരും റീൽ ഷൂട്ടുചെയ്യുന്നത്. അങ്ങനെ സംഭവിക്കുന്ന അപകടങ്ങളും പതിവാണ്. കഴിഞ്ഞ ദിവസം മലമുകളിൽ നിന്ന് റീൽ ഷൂട്ട് ചെയ്യുന്നതിനിടെ കാൽ തെറ്റി കൊക്കയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശി ആൻവി കാംദാറാണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടമുണ്ടായത്.
ഇൻസ്റ്റഗ്രാമിൽ രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് ആൻവി കാംദാർ എന്ന 27കാരി. മുംബൈയിലെ വീട്ടിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം റായ്ഗഡിനോട് ചേർന്നുള്ള മാൻഗാവിലെ കുഭ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിന് മുകളിലെ ഭാഗത്ത് നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽ വഴുതി. 300 അടിയോളം താഴ്ചയിലേക്കാണ് വീണത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ആൻവിയെ കണ്ടെത്താനായത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുംബൈയിൽ ചാർട്ടേഡ് അക്കൌണ്ടന്ർറാണ് ആൻവി. യാത്രകൾ ഇഷ്ടപ്പെടുന്ന യുവതിയുടെ ഇൻസ്റ്റഗ്രാം പേജിൽ അത്തരം വീഡിയോകൾ കാണാം. മഴക്കാല കാഴ്ചകൾ ഒപ്പിയെടുക്കാനുള്ള അത്തരമൊരു യാത്രയാണ് അപകടത്തിലേക്ക് നയിച്ചത്.