പാലക്കാട്: മങ്കര പുള്ളോട്ട് ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന യുവാവ് ഭാര്യയുടെ വീടിനു തീയിട്ടു, തീപടരുന്നതു ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ നടത്തിയ പരിശ്രമത്തില്‍ മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. പാറയില്‍ വീട്ടില്‍ നൂര്‍ജഹാന്‍ (40), മകന്‍ സല്‍മാന്‍ ഫാരീസ് (21), ഉമ്മ മറിയ (60) എന്നിവര്‍ താമസിക്കുന്ന വീടിനുനേരെയാണ് ഇന്നലെ പുലര്‍ച്ചെ 4ന് അതിക്രമം നടന്നത്. സംഭവത്തില്‍ നൂര്‍ജഹാന്റെ ഭര്‍ത്താവ് ഫാറൂഖിനെതിരെ (45) മങ്കര പൊലീസ് കേസെടുത്തു. പ്രതിയെ സംഭവം നടന്ന വീടിന്റെ ശൗചാലയത്തില്‍ നിന്നു കൈ ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തി.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഫാറൂഖും നൂര്‍ജഹാനും രണ്ടാം വിവാഹം കഴിച്ചവരാണ്. മുന്‍പു നൂര്‍ജഹാന്റെ വീട്ടില്‍ത്തന്നെയായിരുന്നു ഫാറൂഖിന്റെ താമസവും. 2 വര്‍ഷമായി അകന്നു കഴിയുന്ന ഇവര്‍ തമ്മില്‍ വലിയ ബന്ധം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച ഡീസല്‍ കാനുമായി പുള്ളോട്ടെ വീട്ടിലെത്തിയ ഫാറൂഖ് ഇവര്‍ക്കുനേരെ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്നു നൂര്‍ജഹാന്‍ മങ്കര പൊലീസില്‍ പരാതി നല്‍കി.
ഇന്നലെ പുലര്‍ച്ചെ വീണ്ടും സ്ഥലത്തെത്തിയ ഫാറൂഖ് വീടിനു ചുറ്റും ഡീസല്‍ ഒഴിച്ചു തീവയ്ക്കാന്‍ ശ്രമം നടത്തുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ വാതിലിലും ചവിട്ടിയിലും തീ പടരുന്നതു ശ്രദ്ധയില്‍പെട്ട മറിയ മകളെ വിളിച്ചു വിവരം പറഞ്ഞു. മകന്‍ വീടിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഒടുവില്‍ മേല്‍ക്കൂര പൊളിച്ചു പുറത്തിറങ്ങി വാതില്‍ തുറക്കുകയായിരുന്നു. തീ കാര്യമായി പടരാത്തതിനാല്‍ ദുരന്തം ഒഴിവായി. വീട്ടുകാര്‍ വിവരമറിയിച്ചതോടെ മങ്കര പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണു ശൗചാലയത്തില്‍ കൈ മുറിച്ച നിലയില്‍ ഫാറൂഖിനെ കണ്ടെത്തിയത്. അബോധാവസ്ഥയിലായ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.