CrimeNEWS

കാക്കിയണിഞ്ഞ കാടത്തം; കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം

കണ്ണൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരനെ ബോണറ്റിലേക്ക് ഇടിച്ചുകയറ്റി നഗരമധ്യത്തിലൂടെ അരക്കിലോമീറ്ററിലേറെ കാറോടിച്ച് പൊലീസ് ഡ്രൈവറുടെ പരാക്രമം. കണ്ണൂര്‍ ജില്ലാ പൊലീസ് ആസ്ഥാനത്തെ ഡ്രൈവര്‍ കെ.സന്തോഷ്‌കുമാറാണ് (50) തിരക്കേറിയ റോഡില്‍ അതിക്രമം കാട്ടിയത്. ബോണറ്റില്‍ അള്ളിപ്പിടിച്ചു കിടന്ന പമ്പ് ജീവനക്കാരന്‍ പി.അനില്‍കുമാറിനെ (62) റോഡിലേക്കു വീഴ്ത്താന്‍ പലവട്ടം കാര്‍ വെട്ടിക്കുകയും വേഗം കൂട്ടുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സന്തോഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുകയും വധശ്രമത്തിനു കേസെടുക്കുകയും ചെയ്തു.

ഇന്നലെ വൈകിട്ട് മൂന്നരയോടെ തളാപ്പ് പാമ്പന്‍ മാധവന്‍ റോഡിലെ എന്‍കെബിടി പെട്രോള്‍ പമ്പിലാണു സംഭവത്തിന്റെ തുടക്കം. ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ച ശേഷം മുഴുവന്‍ തുകയും നല്‍കാതെ കാര്‍ ഓടിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍ അനില്‍കുമാര്‍ തടയാന്‍ ശ്രമിച്ചു. 2100 രൂപയാണു നല്‍കേണ്ടിയിരുന്നത്. 1900 രൂപ നല്‍കിയ ശേഷം ഇത്രയേ കയ്യിലുള്ളൂ എന്നുപറഞ്ഞ് കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ വേഗം കൂട്ടി.

Signature-ad

ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് തെറിച്ചുവീണ അനില്‍കുമാറുമായി കാര്‍ ഓടിച്ചുപോയി. സമീപത്തെ ട്രാഫിക് സ്റ്റേഷനിലേക്കാണ് കാര്‍ ഓടിച്ചുകയറ്റിയത്. അതുവരെ അനില്‍കുമാര്‍ ബോണറ്റില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. സംഭവം കണ്ടവര്‍ പിന്തുടര്‍ന്ന് ട്രാഫിക് സ്റ്റേഷനിലെത്തി വിവരം പറഞ്ഞപ്പോഴാണ് പൊലീസുകാരനെ ടൗണ്‍ സ്റ്റേഷനിലേക്കു കൊണ്ടുപോയി കേസെടുത്തത്.

Back to top button
error: