ഈ രീതിയിലുള്ള നിങ്ങളുടെ സംസാരം തീര്‍ച്ചയായും പങ്കാളിയെ വേദനിപ്പിക്കും
എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനമെന്ന് പറയുന്നത് കമ്മ്യൂണിക്കേഷനാണ്. പരസ്പരം കാര്യങ്ങള്‍ സംസാരിക്കാനും അതുപോലെ വിഷമങ്ങളും അഭിപ്രായങ്ങളുമൊക്കെ പങ്കുവെയ്ക്കാനും ആശയവിനിമയം വളരെ പ്രധാനമാണ്. സംസാരത്തിലൂടെ മാത്രമേ തെറ്റിദ്ധാരണകളും മറ്റും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. ഏത് തരത്തില്‍ എങ്ങനെയാണ് പരസ്പരം ആശയവിനിമയം നടത്തുന്നതും എന്നതും പ്രധാനമാണ്. സംസാരത്തിലെ വ്യത്യാസം പോലും പലപ്പോഴും പങ്കാളിയെ വേദനിപ്പിക്കാം. ബന്ധങ്ങളിലെ വഴക്കുകള്‍ ഇല്ലാതാക്കാനും നേരെ സംസാരിക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
വിമര്‍ശനം
പങ്കാളിയുടെ തെറ്റുകള്‍ ചൂണ്ടികാണിക്കുന്നത് വളരെ പ്രധാനമാണ്. പക്ഷെ എപ്പോഴും എല്ലാ കാര്യത്തിലും പങ്കാളിയെ വിമര്‍ശിക്കുന്നതും കുറ്റപ്പെടുത്തുന്നതും അത്ര നല്ലതല്ല. കാരണം ഇത് അവരുടെ മനസിനെ വേദനിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. എല്ലാ കാര്യങ്ങളിലും അവരെ കുറ്റപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക. കൂടാതെ അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മനസിലാക്കാന്‍ ശ്രമിക്കുക. തെറ്റുകള്‍ മറ്റുള്ളവരുടെ മുന്നില്‍ വച്ച് ചൂണ്ടികാണിക്കാതെ നിങ്ങള്‍ മാത്രം ഉള്ളപ്പോള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുക.
പ്രതിരോധം
റിലേഷന്‍ഷിപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്തരം പ്രതിരോധങ്ങള്‍. പലപ്പോഴും ഒരു തെറ്റ് ചെയ്ത ശേഷം അത് പങ്കാളിയുടെ മേല്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള ആശയവിനിമയം വലിയ രീതിയിലുള്ള പ്രശ്‌നങ്ങളില്‍ കൊണ്ട് എത്തിക്കാന്‍ കാരണമാകും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ മടി കാണിക്കുകയും പിന്നീട് അതിന്റെ ഭവിഷത്തുകള്‍ പങ്കാളിയുടെ മേല്‍ പഴിചാരുകയും ചെയ്യുന്നതാണ് ഇതിലെ പ്രധാന പ്രശ്‌നം. പൊതുവെ ആണുങ്ങള്‍ ഇത്തരം രീതികള്‍ പിന്തുടരുകയും പിന്നീട് അത് വലിയ പ്രശ്‌നങ്ങളിലേക്ക് മാറുകയും ചെയ്യും.
നിന്ദിക്കുക
പങ്കാളിയുടെ കാഴ്ചപ്പാടുകളെ എല്ലാം വിമര്‍ശിക്കുന്നത് തെറ്റാണ്. അത് അവരുടെ ആത്മവിശ്വാസവും അതുപോലെ പങ്കാളിയുടെ സ്വയം ബോധത്തെ അപമാനിക്കുന്നതിലൂടെ ആക്രമിക്കുന്നത് വളരെ ദോഷകരമാണ്. പകരം, നമ്മുടെ സ്വന്തം ആവശ്യങ്ങളും വികാരങ്ങളും അവരുമായി പങ്കുവെക്കണം. പങ്കാളിയുടെ അഭിപ്രായങ്ങളെ നിന്ദിക്കാതിരിക്കാന്‍ ശ്രമിക്കുക. ഇത് വളരെ പ്രധാനമാണ്.
നിസ്സഹകരിക്കുക
മിക്ക ബന്ധങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. എന്തെങ്കിലും വഴക്കുകള്‍ ഉണ്ടാകുമ്പോള്‍ അത് പരസ്പരം സംസാരിച്ച് തീര്‍ക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം പിന്നീട് അത് മനസില്‍ കിടന്ന് വലിയ പ്രശ്ങ്ങള്‍ക്കും കാരണമാകും. ഇതൊരു ടോക്‌സിക് രീതിയാണെന്ന് വേണമെങ്കിലും പറയാം. എന്തെങ്കിലും തരത്തിലുള്ള വഴക്കുകള്‍ ഉണ്ടാകുമ്പോള്‍ ആ സമയത്ത് തമ്മില്‍ സംസാരിക്കാതിരിക്കാന്‍ ശ്രമിക്കുക. പിന്നീട് മനസ് ശാന്തമായി കഴിയുമ്പോള്‍ പങ്കാളിയുമായി ആ പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ച് പരിഹരിക്കുക. വഴക്കുകളെ ഒരു കാരണവശാലും അവഗണിക്കാതിരിക്കാന്‍ ശ്രമിക്കുക.