IndiaNEWS

ജോലിക്ക് കയറും മുമ്പേ വീടും കാറും വേണം; ഐഎസുകാരിയുടെ സര്‍ട്ടിഫിക്കറ്റും വ്യാജം?

മുംബൈ: അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം പൂനെയില്‍നിന്നു വാഷിമിലേക്ക് സ്ഥലം മാറ്റിയ ഐഎഎസ് ട്രയിനി പൂജ ഖേദ്കറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ കാറില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിന്റെ പേരിലും ഒരു പ്രൊബേഷന്‍ ഓഫീസര്‍ക്ക് അനുവദനീയമല്ലാത്ത പ്രത്യേക ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടതിന്റെ പേരിലുമാണ് പൂജയെ സ്ഥലം മാറ്റിയത്.

അസിസ്റ്റന്റ് കലക്ടറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് പൂജ പൂനെ ജില്ലാ കലക്ടറോട് പ്രത്യേക വീടും കാറും ആവശ്യപ്പെട്ടിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. 2023 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് പൂജ. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പൂജയുടെ സെലക്ഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് പൂജ സമര്‍പ്പിച്ചതെന്നും ആരോപണമുണ്ട്. കാഴ്ച പരിമിതിയുണ്ടെന്ന് കാണിച്ചാണ് യുവതി യു.പി.എസ്.സി പരീക്ഷ എഴുതിയത്.

Signature-ad

ഐഎഎസ് സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനക്കായി വിളിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. 2022 ഏപ്രിലില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആദ്യ പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ് ഇതൊഴിവാക്കുകയായിരുന്നു. അഞ്ചു തവണ കൂടി പരിശോധനക്ക് ഹാജാരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. ആറാമത്തേതില്‍ പകുതി സമയം മാത്രമാണ് അറ്റന്‍ഡ് ചെയ്തതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തന്റെ സ്വകാര്യ ഔഡി കാറില്‍ ചുവന്ന-നീല ബീക്കണ്‍ ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചത് വിവാദമായിരുന്നു. കാറില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ബോര്‍ഡും പൂജ സ്ഥാപിച്ചിരുന്നു. വിഐപി നമ്പര്‍ പ്ലേറ്റുള്ള ഔദ്യോഗിക കാര്‍, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവ ഉള്‍പ്പെടുന്ന അന്യായമായ ആവശ്യങ്ങളും ഖേദ്കര്‍ ഉന്നയിച്ചിരുന്നു. നിയമപ്രകാരം ഒരു ട്രയിനിക്ക് ഈ സൗകര്യങ്ങളൊന്നും അനുവദനീയമല്ല.

ഇത് കൂടാതെ അഡീഷണല്‍ കലക്ടര്‍ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചേംബറും പൂജ കൈവശപ്പെടുത്തി സ്വന്തം പേരെഴുതിയ ബോര്‍ഡും വച്ചു. അഡീഷണല്‍ കളക്ടറുടെ അനുമതി ഇല്ലാതെയാണ് അവര്‍ കസേര, സോഫകള്‍, മേശ ഉള്‍പ്പെടെ എല്ലാ സാമഗ്രികളും നീക്കം ചെയ്തത്.

ശേഷം ലെറ്റര്‍ഹെഡ്, വിസിറ്റിംഗ് കാര്‍ഡ്, പേപ്പര്‍ വെയ്റ്റ്, നെയിം പ്ലേറ്റ്, റോയല്‍ സീല്‍, ഇന്റര്‍കോം എന്നിവ നല്‍കാന്‍ റവന്യു അസിസ്റ്റന്റിന് നിര്‍ദേശവും നല്‍കി. റിട്ടയേര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ പൂജയുടെ പിതാവും മകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജില്ലാ കലക്ടറുടെ ഓഫീസില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

 

Back to top button
error: