കൊച്ചി: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലെ അശ്ലീലഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനെതിരേ കൂട്ടപ്പരാതി. കാലടി വട്ടപ്പറമ്പ് മാടശ്ശേരി എസ്. രോഹിത്തി(25)നെതിരെയാണ് ഒമ്പത് പെണ്‍കുട്ടികള്‍കൂടി പരാതിനല്‍കിയത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരുപെണ്‍കുട്ടിയും ഉള്‍പ്പെടും.
നേരത്തെ രോഹിത്ത് പഠിച്ചിരുന്ന കോളേജിലെ ഒരു വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയുംചെയ്തിരുന്നു. ഇയാളുടെ രണ്ട് മൊബൈല്‍ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ പരാതി നല്കിയതിനാല് രോഹിത്തിനെതിരേ ജാമ്യമില്ലാ വകുപ്പകളടക്കം ചുമത്തി കേസെടുത്തേക്കും.
രോഹിത്ത് നേരത്തെ പഠിച്ചിരുന്ന കോളേജിലെ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിലെ അശ്ലീലഗ്രൂപ്പുകളില്‍ മോശം കമന്റുകളോടെ പ്രചരിപ്പിച്ചിരുന്നത്. ഏകദേശം ഇരുപതോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിച്ചിരുന്നു.
എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന രോഹിത്ത്, കഴിഞ്ഞ കോളേജ് യൂണിയന് തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായാണ് പറയുന്നത്. ഈസമയത്ത് പെണ്‍കുട്ടികളുടെ ചിത്രങ്ങളും പകര്‍ത്തി ഇവ പിന്നീട് അശ്ലീലച്ചുവയുള്ള കമന്റുകളോടെ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയായിരുന്നു. വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി. ഉള്‍പ്പെടെ ഉപയോഗിച്ചാണ് പ്രതി ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തിരുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കോളേജിലെ ഒരു വിദ്യാര്‍ഥിനി കാലടി പോലീസില്‍ പരാതി നല്കി. പിന്നില്‍ രോഹിത്താണെന്ന് സംശയിക്കുന്ന ചില തെളിവുകള്‍ സഹിതമാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. അതേസമയം, ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് ഐ.ഡി. തന്റേതല്ലെന്നായിരുന്നു ചോദ്യംചെയ്യലില്‍ രോഹിത്ത് നല്കിയ മൊഴി.