CrimeNEWS

കഞ്ചാവും വലിക്കാനുള്ള ഉപകരണവും യദുവില്‍നിന്ന് കണ്ടെടുത്തു; സിപിഎമ്മിനെ തള്ളി എക്‌സൈസ്

പത്തനംതിട്ട: പാര്‍ട്ടിയില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ സിപിഎം വാദം പൊളിച്ച് എക്‌സൈസ് വകുപ്പിന്റെ റിപ്പോര്‍ട്ട്. യദുകൃഷ്ണനില്‍നിന്നു കഞ്ചാവും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തു എന്നാണ് എക്‌സൈസ് പറയുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എക്‌സൈസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. യുവമോര്‍ച്ച ബന്ധമുള്ള ഉദ്യോഗസ്ഥര്‍ കള്ളക്കേസ് എടുത്തു എന്നായിരുന്നു സിപിഎം ആരോപണം.

കോന്നി മൈലാടുംപാറ സ്വദേശി യദുകൃഷ്ണനെയാണ് കഞ്ചാവുമായി എക്സൈസ് തിങ്കളാഴ്ച പിടികൂടിയത്. രണ്ട് ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചിരുന്നു. എന്നാല്‍ കഞ്ചാവുമായി യദുകൃഷ്ണനെ എക്സൈസ് പിടികൂടിയിട്ടില്ല എന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ വാദം. യദുകൃഷ്ണനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്നും അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് പിന്നിലെന്നും സിപിഎം നേതൃത്വം പറഞ്ഞിരുന്നു.

Signature-ad

സിപിഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായി. ബിജെപി വിട്ടുപോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കഞ്ചാവ് കേസില്‍ പെടുത്തും എന്നതെന്നും സിപിഎം നേതൃത്വം ആരോപിച്ചു. കഞ്ചാവ് തന്റെ കൈവശം ഉണ്ടായിരുന്നില്ലെന്നു പാര്‍ട്ടി നേതൃത്വത്തെ യദുകൃഷ്ണന്‍ അറിയിച്ചതായും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Back to top button
error: