IndiaNEWS

ഭിന്നശേഷിക്കാരെ നെട്ടോട്ടം ഓടിക്കുകയാണോ? കേന്ദ്രത്തെ ശാസിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയിട്ടും നിയമനം നല്‍കാതെ പൂര്‍ണ കാഴ്ച വൈകല്യമുള്ള ഉദ്യോഗാര്‍ഥിയെ വട്ടംചുറ്റിച്ച കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി ശാസിച്ചു. 2008ല്‍ പരീക്ഷ വിജയിച്ച വിദ്യാര്‍ഥിക്കും സമാന സാഹചര്യത്തിലുള്ള മറ്റു 10 പേര്‍ക്കും നിയമനം നല്‍കാന്‍ സവിശേഷാധികാരം ഉപയോഗിച്ചു ഉത്തരവിട്ട കോടതി, ഭിന്നശേഷിക്കാര്‍ക്കുള്ള തസ്തികകള്‍ നികത്താതിനെയും വിമര്‍ശിച്ചു.

സിവില്‍ സര്‍വീസ് പരീക്ഷ 2008ല്‍ വിജയിച്ച പങ്കജ് ശ്രീവാസ്തവയുടേതാണ് പ്രധാന കേസ്. എഴുത്തുപരീക്ഷയും അഭിമുഖ പരീക്ഷയും കഴിഞ്ഞ പങ്കജിന് നിയമനം ലഭിച്ചില്ല. നാളുകളായി ഒഴിഞ്ഞുകിടക്കുന്ന ഭിന്നശേഷി തസ്തികകള്‍ പരിഗണിക്കാത്തതാണ് തടസ്സമായതെന്ന് ചൂണ്ടിക്കാട്ടി പങ്കജ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടി. സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

Signature-ad

വിജ്ഞാപന പ്രകാരമുള്ള സംവരണ സീറ്റിന്റെ മെറിറ്റ് പട്ടികയില്‍ പങ്കജ് ഉള്‍പ്പെട്ടില്ലെന്നാണ് യുപിഎസ്സി വാദിച്ചത്. എന്നാല്‍, ഭിന്നശേഷി വിഭാഗങ്ങള്‍ക്കുള്ള ഒട്ടേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ഇവരെ നെട്ടോട്ടമോടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ഭിന്നശേഷി അവകാശ സംരക്ഷണ നിയമത്തിന്റെ യഥാര്‍ഥ സത്ത ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ജഡ്ജിമാരായ അഭയ് എസ്. ഓക്ക, പങ്കജ് മിത്തല്‍ എന്നിവരുടെ ബെഞ്ച് വിമര്‍ശിച്ചു. തുടര്‍ന്നാണ് ഐആര്‍എസിലോ (ഐടി) മറ്റ് സമാന സര്‍വീസുകളിലോ പങ്കജിനെയും മറ്റ് 10 പേരെയും നിയമിക്കാന്‍ കോടതി ഉത്തരവിട്ടത്.

Back to top button
error: