മലപ്പുറം: തിരൂരില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍. പാലക്കാട് നെന്മാറ സ്വദേശി ധനേഷ് (32) ആണ് അറസ്റ്റിലായത്. തിരുനാവായ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തിലെ അഞ്ചു പവന്റെ തിരുവാഭരണമാണ് ഇയാള്‍ കവര്‍ന്നത്.
തിരുവാഭരണം എടുത്ത ശേഷം മുക്കുപണ്ടം കൊണ്ട് നിര്‍മ്മിച്ച വ്യാജ തിരുവാഭരണം ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഷണം. കഴിഞ്ഞ വര്‍ഷം ജോലിക്ക് വന്ന ഇയാള്‍ ആഭരണം കൈക്കലാക്കി അതേ മാതൃകയില്‍ മറ്റൊന്ന് തിരികെ വയ്ക്കുകയായിരുന്നു.
പിന്നീട് ജോലി മതിയാക്കി പോവുകയായിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിനായി പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി.
തിരുവാഭരണം വിറ്റതായി പ്രതി മൊഴി നല്കി. തിരൂര്‍ ഇന്‍സ്പെക്ടര്‍ എം കെ രമേഷിന്റെ നേതൃത്വത്തില്‍ എസ്ഐ ഷിജോ സി തങ്കച്ചന്, പ്രതീഷ് കുമാര്‍ സിപിഒ മാരായ അരുണ്‍, സതീഷ് കുമാര്‍ എന്നിവര്‍ അടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.