റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മോചനത്തിനാവശ്യമായ ദിയാധനം 34 കോടി രൂപ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറി.
ഇതേ തുടര്‍ന്ന് പ്രതിക്ക് മാപ്പ് നല്‍കുന്നതായി സൗദി കുടുംബം കോടതിയെ അറിയിച്ചു. ഓണ്‍ലൈന്‍ ആയി നടന്ന കോടതി നടപടികളില്‍ ജയിലില്‍നിന്ന് അബ്ദുള്‍ റഹീമും പങ്കെടുത്തു. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ കോടതി ഒപ്പുവെച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ റഹീം ജയില്‍ മോചിതനാകും.