മുംബൈ: ബൗദ്ധിക വെല്ലുവിളി നേരിടുന്ന സംസാരശേഷിയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം. ഇരയായ പെണ്‍കുട്ടി താന്‍ നേരിട്ട ക്രൂരത ആംഗ്യഭാഷയില്‍ വിവരിച്ചതിനു പിന്നാലെയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ജില്ലയിലെ വാസൈ പ്രത്യേക കോടതിയാണ് 48കാരനായ സനേഹി ശ്രീകിഷന്‍ ഗൗഡിന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എസ്.വി കോന്‍ഗല്‍ ആണ് പോക്‌സോ നിയമപ്രകാരം പ്രതിയെ ശിക്ഷിച്ചത്. 16കാരിയായ പെണ്‍കുട്ടിയെയാണ് അയല്‍വാസിയായ പ്രതി വീട്ടില്‍ ആരുമില്ലാത്ത സമയം പീഡിപ്പിച്ചത്. 2017 ജനുവരിയിലായിരുന്നു സംഭവം.
സനേഹി പ്രായപൂര്‍ത്തിയാവാത്ത ഭിന്നശേഷി പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്തതായി വിചാരണയ്ക്കിടെ പ്രോസിക്യൂട്ടര്‍ ജയപ്രകാശ് പാട്ടീല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന്, താന്‍ നേരിട്ട ക്രൂരതകള്‍ പെണ്‍കുട്ടി ആംഗ്യഭാഷയില്‍ മാതാവിനോട് വിവരിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിക്കെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
ആംഗ്യഭാഷയിലൂടെ കാര്യങ്ങള്‍ വിവരിച്ച ഇരയായ പെണ്‍കുട്ടിയടക്കം ഒമ്പത് സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കിയതായി പ്രോസിക്യൂട്ടര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് മിതമായ ബൗദ്ധിക വൈകലമുണ്ടെന്നും കൃത്യത്തിന്റെ തെറ്റും ശരിയും മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കേണ്ടതുണ്ടെന്നും ജഡ്ജ് പറഞ്ഞു. തുടര്‍ന്ന് ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിക്കുകയായിരുന്നു.