KeralaNEWS

”ഞാന്‍ രണ്ടുലക്ഷം ശമ്പളം മേടിക്കുന്നവനാടാ, നിനക്ക് ശമ്പളം കിട്ടിയോ?” ടിക്കറ്റ് ചോദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പരിഹാസം

പത്തനംതിട്ട: യാത്രക്കാരനോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കൈയ്യേറ്റശ്രമവും. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിനെയാണ് യാത്രക്കാരന്‍ കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചത്. കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

രാത്രി 8.40-ഓടെയാണ് കായംകുളത്തുനിന്ന് ബസ് അടൂരിലേക്ക് യാത്രതിരിച്ചത്. ബസിന്റെ അവസാനട്രിപ്പായിരുന്നു ഇത്. അടൂരിനടുത്ത് ആദിക്കാട്ടുക്കുളങ്ങര എത്തിയപ്പോള്‍ കണ്ടക്ടര്‍ മനീഷ് യാത്രക്കാരുടെ എണ്ണമെടുത്തു. ബസിലെ യാത്രക്കാരില്‍ ഒരാള്‍ ടിക്കറ്റെടുത്തട്ടില്ലെന്ന് മനസിലായതോടെ യാത്രക്കാരോട് ടിക്കറ്റ് കാണിക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു.

Signature-ad

ഇതിനിടെയാണ് യാത്രക്കാരന്‍ കണ്ടക്ടറുമായി തര്‍ക്കിച്ചത്. ഇയാള്‍ അസഭ്യം പറഞ്ഞെന്നും ബഹളംവെച്ചെന്നും കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പരാതി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിന് യാത്രക്കാരന്‍ പരിഹസിക്കുന്നതിന്റെ അടക്കം വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ”രണ്ടുലക്ഷം രൂപ ശമ്പളം മേടിക്കുന്നവനാടാ ഞാന്‍, നിനക്ക് കഴിഞ്ഞമാസം ശമ്പളം കിട്ടിയോ, നിന്റെ വീട്ടില്‍ കഞ്ഞികുടിച്ചോ” എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. സംഭവത്തില്‍ അടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Back to top button
error: