അമരാവതി: വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍മിക്കുന്ന പ്രധാന ഓഫിസ് കെട്ടിടം പൊളിച്ചുനീക്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി അധികാരത്തിലെത്തിയതിനു പിന്നാലെയാണ് നടപടി.
ഗുണ്ടൂരിലെ തടെപ്പള്ളിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഓഫിസാണ് ശനിയാഴ്ച രാവിലെ ആന്ധ്രപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റി (എപിസിആര്‍ഡിഎ) ഇടിച്ചു നിരത്തിയത്. കൈയേറിയ സ്ഥലത്താണ് ഓഫിസ് നിര്‍മിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി.
രാവിലെ 5.30നാണ് കെട്ടിടം പൊളിച്ചത്. സംഭവത്തിനു പിന്നില്‍ ടിഡിപിയുടെ കുടിപ്പകയാണെന്ന് വൈഎസ്ആര്‍സിപി ആരോപിച്ചു. കെട്ടിടം പൊളിക്കുന്നതു മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കേ അതിനെ മറികടന്നുകൊണ്ടാണ് എപിസിആര്‍ഡിഎയുടെ നടപടിയെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് പത്രക്കുറിപ്പില്‍ ആരോപിച്ചു.