തിരുവനന്തപുരം: ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ക്ക് പ്രവൃത്തിദിനം 200 ആക്കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മ വികസനസമിതി യോഗത്തില്‍ തീരുമാനമായി. ആറ് മുതല്‍ എട്ടു വരെയുള്ള ക്ലാസുകളുടെ പ്രവൃത്തിദിനം 200 ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിയെ യോഗത്തില്‍ ചുമതലപ്പെടുത്തി.
ഒന്‍പതും പത്തും ക്ലാസുകള്‍ക്ക് കോടതി ഉത്തരവ് പ്രകാരം പ്രവൃത്തിദിനങ്ങള്‍ തീരുമാനമെടുക്കും. ഈ അധ്യായവ വര്‍ഷത്തെ പ്രവൃത്തി ദിനങ്ങള്‍ 220 ആക്കി കൂട്ടിയതില്‍ അധ്യാപക സംഘടനകളുടെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യോഗം. വിദ്യാഭ്യാസാവകാശനിയമം ചൂണ്ടിക്കാണിച്ച് ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകാരെ അധിക ശനിയാഴ്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് യോഗത്തില്‍ ഭരണ-പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു.
ദിവസം അധിക അധ്യായന സമയം ഏര്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കാന്‍ എകെഎസ്ടിയു നിര്‍ദേശം മുന്നോട്ടുവെച്ചു. സ്‌കൂള്‍ പ്രവൃത്തിദിനങ്ങളില്‍ 20 ദിനങ്ങള്‍ കുറച്ച് ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകള്‍ക്ക് 200 പ്രവൃത്തിദിനങ്ങള്‍ തുടരണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു.