KeralaNEWS

പാര്‍ട്ടി പറയും മുരളി ചെയ്യും! ചോയിസ് എപ്പോഴും വട്ടിയൂര്‍ക്കാവെന്നും വെളിപ്പെടുത്തല്‍

തിരുവനന്തപുരം: പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വയനാട്ടില്‍ പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവ് സ്വന്തം കുടുംബം പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ”ഞാന്‍ വടകര എം പിയായിരിക്കുമ്പോഴും ആഴ്ചയില്‍ രണ്ട് തവണ വട്ടിയൂര്‍ക്കാവില്‍ വരാറുണ്ടായിരുന്നു. ഇപ്പോള്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും എനിക്കില്ല, അതിനാല്‍ത്തന്നെ വട്ടിയൂര്‍ക്കാവില്‍ സജീവമായിട്ടുണ്ടാകും. സ്വന്തം ഇഷ്ടപ്രകാരമല്ല വട്ടിയൂര്‍ക്കാവ് വിട്ടുപോയത്. പാര്‍ട്ടി പറഞ്ഞിട്ട് വടകര പോയി. അവിടെ നിന്ന് തൃശൂരിലേക്ക് മാറാന്‍ പറഞ്ഞു, മാറി. തോല്‍വിയുണ്ടായി. ഇനിയുള്ള ഒന്നുരണ്ട് വര്‍ഷക്കാലം വട്ടിയൂര്‍ക്കാവില്‍ ഉണ്ടാകും.”- മുരളീധരന്‍ വ്യക്തമാക്കി.

Signature-ad

അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ വ്യക്തമാക്കി. ‘മത്സരിക്കണോ, മാറി നില്‍ക്കണോ, എവിടെ മത്സരിക്കണം എന്നൊക്കെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. പക്ഷേ എന്റെ ചോയിസ് എപ്പോഴും വട്ടിയൂര്‍ക്കാവ് ആണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ സജീവമായി ഇറങ്ങും. അതിനുമുമ്പ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ വരുമ്പോള്‍ അവര്‍ക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങും’- അദ്ദേഹം പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അവിടെ മത്സരിക്കാന്‍ ധാരാളം ചെറുപ്പക്കാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെ പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് തല്‍ക്കാലത്തേയ്ക്ക് വിട്ടുനില്‍ക്കുകയാണെന്നും ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: