NEWSWorld

ആദ്യ ലക്ഷണം കാലില്‍, 48 മണിക്കൂറിനുള്ളില്‍ മരണം; മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ജപ്പാനില്‍ പടരുന്നു

ടോക്കിയോ: മനുഷ്യശരീരത്തില്‍ പ്രവേശിച്ച് മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനില്‍ പടരുന്നു. രോഗം ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക് സിന്‍ഡ്രോം (എസ്ടിഎസ്എസ്) എന്നാണ് ഈ രോഗത്തെ അറിയപ്പെടുന്നത്. ഈ വര്‍ഷം ജൂണ്‍ രണ്ടോടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയര്‍ന്നെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ആകെ 941പേരെയാണ് ജപ്പാനില്‍ ഈ രോഗം ബാധിച്ചത്. നിലവിലെ രോഗബാധ നിരക്ക് തുടര്‍ന്നാല്‍ ഈ വര്‍ഷം 25000 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍.

Signature-ad

ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ് (ജിഎഎസ്) സാധാരണയായി കുട്ടികളില്‍ തൊണ്ടവേദനയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മര്‍ദം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു. അന്‍പതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വാസ പ്രശ്‌നങ്ങള്‍ക്കും കോശനാശത്തിനും കാരണമാകുകയും ചെയ്യുന്നു. ഇത് മരണത്തിന് വരെ ഇടയാക്കുന്നു. 30 ശതമാനമാണ് രോഗബാധയേറ്റാല്‍ മരണനിരക്ക്.

രോഗം പിടിപെട്ട് ഭൂരിഭാഗം മരണവും 48 മണിക്കൂറിനുള്ളില്‍ സംഭവിക്കുമെന്ന് ടോക്കിയോ വിമന്‍സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ സാംക്രമിക രോഗ വിദഗ്ദനായ കെന്‍ കികുച്ചി പറഞ്ഞു. രാവിലെ കാലില്‍ വീക്കം കണ്ടാല്‍ ഉച്ചയോടെ കാല്‍മുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളില്‍ മരിക്കുകയും ചെയ്യമെന്നും അദ്ദേഹം പറഞ്ഞു. 2022ല്‍ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.

 

Back to top button
error: