തൃശൂര്‍: ചേലക്കരയില്‍ മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായെത്തിയ പിതാവിന് ക്രൂരമര്‍ദനം. ചേലക്കോട് സ്വദേശി സുലൈമാനാണ് ഭാര്യയുടെയും കുടുംബത്തിന്റെയും മര്‍ദനമേറ്റത്. സുലൈമാന്റെ പരാതിയില്‍ ഭാര്യാപിതാവ് മൊയ്തുവിനെ ചേലക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. നാലുമാസത്തോളമായി ഭാര്യ റെസീയുമായി വേര്‍പിരിഞ്ഞു കഴിയുന്ന സുലൈമാന്‍ മകള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി ആണ് ഭാര്യ വീട്ടില്‍ എത്തിയത്. വീടിനു പുറത്തുനിന്ന് മകളുമായി സംസാരിച്ചുകൊണ്ടിരുന്ന സുലൈമാനുമായി ഭാര്യാപിതാവ് മൊയ്തു വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീടത് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.
മൊയ്തുവിനൊപ്പം സുലൈമാന്റെ ഭാര്യ റെസിയയും ഭാര്യാ മാതാവ് സഫിയയും മര്‍ദനത്തില്‍ പങ്കാളികളായി. മുളവടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ സുലൈമാന്റെ തലയ്ക്കും കൈ കാലുകള്‍ക്കും ഗുരുതര പരിക്കേറ്റു. സുലൈമാന്റെ പരാതിയില്‍ ഭാര്യയുടെ പിതാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് ചേലക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
സുലൈമാന്റെ ഭാര്യ റസിയ്ക്കും ഉമ്മ സഫിയക്കുമെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. സുലൈമാന്‍ വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യവീട്ടുകാരും പൊലീസില്‍ പരാതി നല്കി.