കൊച്ചി: കുവൈത്തിലെ തീപിടിത്തത്തില്‍ നമുക്കുണ്ടായത് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന് തന്നെ സംഭവിച്ച വലിയ ദുരന്തമാണ് കുവൈത്തിലുണ്ടായത്. ഇനി ഇത്തരമൊരു ദുരന്തമുണ്ടാകാതിരിക്കാന്‍ ശ്രദ്ധ വേണം. കേരളത്തിന്റെ ജീവനാഡികളായാണ് പ്രവാസികളെ നാം കാണുന്നത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍ കുവൈത്ത് സര്‍ക്കാരിന്റെ കുറ്റമറ്റ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാരും ശരിയായ തരത്തില്‍ ഇടപെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തില്‍ പോയി ഏകോപനം നിര്‍വഹിച്ചു. കുടുംബാംഗങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യാ സര്‍ക്കാരും കുവൈത്തുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വേഗത കൂട്ടാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മന്ത്രി വീണാ ജോര്‍ജിന് കുവൈത്തില്‍ പോകാന്‍ അനുമതി നല്‍കാരിതുന്നത് ശരിയായ നടപടിയല്ല, എങ്കിലും ഈ സമയത്ത് അത് വിവാദമാക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ താന്‍ ഇപ്പോള്‍ അത് ഉന്നയിക്കുന്നില്ല. അക്കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമല്ല. പിന്നീട് വേണമെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടത് മലയാളികളാണ് എന്നതു കണക്കിലെടുത്ത് മന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക് പോകാന്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാതിരുന്നതിനാല്‍ പോകാന്‍ സാധിച്ചില്ല.