മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ അജിത് പവാര്‍ എന്‍.സി.പിയുമായുള്ള സഖ്യം ബി.ജെ.പി. അവസാനിപ്പിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങളിലൊന്ന് അജിത് പവാറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യമാണെന്ന് കുറ്റപ്പെടുത്തുന്ന ആര്‍.എസ്.എസ്. മുഖപത്രത്തിലെ ലേഖനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ അഭ്യൂഹം. ഔദ്യോഗികപേരും ചിഹ്നവുമുള്ള എന്‍.സി.പിയെ ഒഴിവാക്കി ഷിന്ദേ ശിവസേനയ്ക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് സൂചന.
എന്‍.സി.പിയെ പിളര്‍ത്തി അജിത് പവാറിനൊപ്പം മത്സരിച്ചതില്‍ ആര്‍.എസ്.എസിന് അതൃപ്തിയുണ്ടെന്നാണ് വിവരം. ശരദ് പവാര്‍ വിരുദ്ധതയാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി. അണികളുടെ പ്രധാന രാഷ്ട്രീയം. മഹാരാഷ്ട്രാ കോര്‍പ്പറേറ്റീവ് ബാങ്ക്, ജലസേചന അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് അജിത് പവാറിനെതിരേയും അണികള്‍ക്കിടയില്‍ വികാരമുണ്ട്. എന്നാല്‍, അജിത്തുമായി കൈകോര്‍ത്തതോടെ പവാര്‍ വിരുദ്ധരാഷ്ട്രീയത്തിന് വീര്യംകുറഞ്ഞു. ഈ വികാരത്തിന്റെ മുറിവില്‍ ഉപ്പുതേക്കുന്നതായിരുന്നു മഹായുതി സര്‍ക്കാരില്‍ അജിത്തിനെ ഉപമുഖ്യമന്ത്രിയാക്കിയ നടപടിയെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി. സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിന് ഇറങ്ങാന്‍ അര്‍.എസ്.എസ്- ബി.ജെ.പി. കേഡറുകള്‍ക്കിടയില്‍ വിമുഖതയുണ്ടായിരുന്നു. ഇതിന്റെ ഫലമായാണ് 2019-ലെ 23-നെ അപേക്ഷിച്ച് ഒമ്പതിലേക്ക് ബി.ജെ.പിയുടെ സീറ്റുനില കുത്തനെ ഇടിഞ്ഞതെന്നും ബി.ജെ.പി. നേതാവ് വിലയിരുത്തി. അജിത്തുമായുള്ള സഖ്യം ബി.ജെ.പിയുടെ ബ്രാന്‍ഡ് മൂല്യം ഇടിച്ചെന്നും യാതൊരു വ്യത്യാസമുമില്ലാത്ത മറ്റൊരു പാര്‍ട്ടി മാത്രമായി ബി.ജെ.പിയെ ചുരുക്കിയെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ രത്തന്‍ ഷര്‍ദ ആരോപിച്ചു.
അജിത് പവാറിനെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കാത്ത തരത്തിലായിരിക്കും സഖ്യമുപേക്ഷിക്കുക. അജിത് ഒരു ബാധ്യതയാണെന്നാണ് ഫലം സൂചിപ്പിക്കുന്നത്. അതിനാല്‍ സഖ്യത്തെക്കുറിച്ച് പുനര്‍വിചിന്തനം വേണമെന്നും മറ്റൊരു നേതാവ് ആവശ്യപ്പെട്ടു.