കൊച്ചി: ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി തള്ളി. സര്‍ക്കാരും ഏതാനും അധ്യാപകരും നല്‍കിയ ഹര്‍ജിയിലാണ് വിധി.
സ്ഥലംമാറ്റം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹോം സ്റ്റേഷന്‍, ഇതര വിഭാഗ പട്ടികകള്‍ ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഇതിനെതിരെ സര്‍ക്കാരും ഏതാനും അധ്യാപകരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ട്രൈബ്യൂണല്‍ ഉത്തരവ് വരും മുമ്പ് വിടുതല്‍ വാങ്ങിയ അധ്യാപകരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനടെയാണ് ഹൈക്കോടതി നടപടി.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്ഥലംമാറ്റ പട്ടിക ഫെബ്രുവരി 16നു പുറത്തിറക്കിയത്. സ്വന്തം ജില്ലയിലേത് അടക്കം എല്ലാ ജില്ലകളിലേക്കുമുള്ള സ്ഥലംമാറ്റത്തിന് മറ്റു ജില്ലകളില്‍ ജോലി ചെയ്ത കാലയളവ് (ഔട്ട്സ്റ്റേഷന്‍ സര്‍വീസ്) പരിഗണിക്കണമെന്നു കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ്രൈടബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, സ്വന്തം ജില്ലയിലേക്കുള്ള സ്ഥലംമാറ്റത്തിനു മാത്രം ഔട്ട്സ്റ്റേഷന്‍ സര്‍വീസ് പരിഗണിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.