ബംഗളൂരു: കന്നഡ സൂപ്പര്‍ താരം ദര്‍ശനെ കൊലക്കേസില്‍ അറസ്റ്റില്‍. രേണുകാ സ്വാമി എന്നയാളുടെ മൃതദേഹം കാമാക്ഷിപാളയില്‍ കണ്ടെത്തിയ കേസിലാണ് അറസ്റ്റ്. ദര്‍ശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഈ മാസം എട്ടിനാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഒന്‍പതിന് കാമാക്ഷിപാളയത്തെ ഓടയില്‍നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസില്‍ വെച്ചാണ് ദര്‍ശനെ പോലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. 47-കാരനായ നടന് കേസില്‍ ബന്ധമുണ്ടെന്ന സംശയത്തേത്തുടര്‍ന്നാണ് ഈ നടപടിയെന്ന് ഡിസിപി നേരത്തേ അറിയിച്ചിരുന്നു.
കാമാക്ഷിപാളയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരവേ തിങ്കളാഴ്ച ഗിരിനഗറില്‍നിന്നുള്ള മൂന്നുപേര്‍ പോലീസിനുമുന്നില്‍ കീഴടങ്ങി. തങ്ങളാണ് ഈ മരണത്തിനുപിന്നിലെന്ന് ഇവര്‍ അവകാശപ്പെട്ടു. സാമ്പത്തിക ഇടപാടിനേക്കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് മരിച്ചത് രേണുകാ സ്വാമി എന്നയാളാണെന്നും അതിനുപിന്നിലെ യഥാര്‍ത്ഥ കാരണവും വ്യക്തമായത്.
രേണുകാ സ്വാമി അയച്ച അശ്ലീല സന്ദേശങ്ങളേക്കുറിച്ചറിഞ്ഞ ദര്ശന് ചിത്രദുര്‍ഗയിലെ തന്റെ ഫാന്‍സ് അസോസിയേഷന് പ്രസിഡന്റിനെ ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. രേണുകാ സ്വാമിയെ ചിത്രദുര്‍ഗയില്‍നിന്ന് സിറ്റിയിലെ ഒരിടത്തെത്തിച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയിലുപേക്ഷിക്കുകയായിരുന്നെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.