ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് ഒഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെക്കുറിച്ചു ചര്‍ച്ച കൊഴുക്കുന്നു. ഔദ്യോഗികമായി ഒരു ചര്‍ച്ചയും തല്‍ക്കാലം വേണ്ട എന്ന നിലപാടിലാണു നേതൃത്വമെങ്കിലും പല കോണുകളില്‍നിന്നു പല പേരുകളാണ് ഉയര്‍ന്നു വരുന്നത്. എം.എം.ഹസന്‍ മുതല്‍ വി.ടി.ബല്‍റാം വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ബുധനാഴ്ച രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശിക്കുന്ന വേളയില്‍ വയനാട് ഒഴിയുമെന്ന കാര്യം പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. 17ന് രാജി സമര്‍പ്പിക്കും. ആറ് മാസത്തിനുള്ളിലായിരിക്കും ഉപതിരഞ്ഞെടുപ്പ്. അതിനാല്‍ തിരക്കിട്ട് സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണു നേതൃത്വം.
ടി.സിദ്ദിഖ്, എ.പി.അനില്‍കുമാര്‍ തുടങ്ങി വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചക്കപ്പഴവുമായാണ് വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയത്. കൂടിക്കാഴ്ചയുടെ വീഡിയോ രാഹുല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയുടെ അടിക്കുറിപ്പിലും കേരളത്തിലെ എന്റെ പ്രിയ കുടുംബം എന്നാണു രാഹുല്‍ വിശേഷിപ്പിച്ചത്.
വ്യക്തിപരമായി രാഹുലിനു വയനാട് വിടാന്‍ താല്‍പര്യമില്ലെന്നാണ് രാഹുലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനം എടുത്തതുപോലും അവസാന നിമിഷത്തിലാണ്. അതും സോണിയ ഗാന്ധിയുടെയും ഇന്ത്യ സഖ്യത്തിലെ മറ്റ് മുന്നണി നേതാക്കന്‍മാരുടെയും നിര്‍ബന്ധപ്രകാരമാണെന്നും ഇവര്‍ പറയുന്നു.
റായ്ബറേലിയില്‍ വന്‍ ഭൂരിപക്ഷത്തോടെ രാഹുല്‍ ജയിച്ചതും ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ശക്തി ക്ഷയിച്ചതും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഊര്‍ജം പകരുന്നതാണ്. ആ സാഹചര്യത്തില്‍ ഹിന്ദി ഹൃദയഭൂമിയില്‍നിന്ന് രാഹുല്‍ പ്രവര്‍ത്തനം ദക്ഷിണേന്ത്യയിലേക്കു മാറ്റുന്നത് പാര്‍ട്ടിക്കും മുന്നണിക്കും ഗുണകരമല്ല എന്നതാണു പൊതുവിലയിരുത്തല്‍. മറ്റു കക്ഷികളുള്‍പ്പെടെ രാഹുല്‍ റായ്ബറേലിയില്‍ തുടരണമെന്നാണു താല്‍പര്യപ്പെടുന്നത്. അതിനാല്‍ വയനാട് രാജിവയ്ക്കുക എന്നല്ലാതെ രാഹുലിനു മുന്നില്‍ മറ്റ് മാര്‍ഗമില്ല.
രാഹുല്‍ ഒഴിഞ്ഞാല്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന നിലപാടിലായിരുന്നു ജില്ലാ നേതൃത്വം. എന്നാല്‍ പ്രിയങ്കയ്ക്കു വയനാട്ടില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പകരം ഉത്തരേന്ത്യയില്‍ തുടരാനാണ് അവര്‍ക്കു താല്‍പര്യം. രണ്ടാമതായി ഉയര്‍ന്നുവന്ന പേര് കെ.മുരളീധരന്റെയാണ്. തൃശൂരിലുണ്ടായ വന്‍ തോല്‍വിയുടെ ക്ഷീണം മാറുന്നതിനു മുന്‍പുതന്നെ മറ്റൊരു തിരഞ്ഞെടുപ്പ് കൂടി നേരിടാന്‍ മുരളീധരന്‍ താല്‍പര്യപ്പെടില്ല. മാത്രമല്ല, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും നേതൃത്വം വിലയിരുത്തുന്നു. 2009ല്‍ എന്‍സിപി സ്ഥാനാര്‍ഥിയായി മുരളി വയനാട്ടില്‍ മത്സരിച്ചപ്പോള്‍ ഒരു ലക്ഷത്തിലധികം വോട്ട് നേടിയിരുന്നു.
യുഡിഎഫിന്റെ ഉറച്ച കോട്ടയായ വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിലെ നിരവധി നേതാക്കന്‍മാര്‍ക്കു താല്‍പര്യമുണ്ട്. എം.എം.ഹസന്‍, വി.ടി.ബല്‍റാം, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങി നിരവധി പേരുകള്‍ ഉയര്‍ന്നുവരുന്നു. മത്സരിക്കാന്‍ താല്‍പര്യമുള്ള നേതാക്കന്‍മാര്‍, അവരുടെ അണികളിലൂടെയും മറ്റും പേരുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ചര്‍ച്ചയില്‍ ഇടംപിടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഉടനെയൊന്നും തീരുമാനം ഉണ്ടാകില്ലെന്നാണ് ജില്ലയിലെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയത്.