ഒറ്റത്തവണ ഇനി 1000 രൂപയ്ക്ക് മാത്രം പെട്രോള്‍; കടുത്ത നിയന്ത്രണവുമായി റിലയന്‍സ്; ക്ഷാമം രൂക്ഷമാകുന്നു? അധിക വില്പന നിയന്ത്രിക്കാന്‍ നീക്കം

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. റിലയൻസ് പമ്പുകളിൽ നിന്ന് ഒരു വാഹനത്തിന് ഒരു തവണ ലഭിക്കുക പരമാവധി 1,000 രൂപയുടെ ഇന്ധനം മാത്രം. ഇന്ധന വിതരണത്തിൽ തടസം നേരിട്ടതോടെയാണ് നിയന്ത്രണം. ഇന്ധനം തീർന്നുപോകാതിരിക്കാനും പരിഭ്രാന്തി മൂലമുള്ള അധിക വില്പന തടയാനും തീരുമാനം ഉപകരിക്കും എന്നാണ് വിലയിരുത്തൽ.
വില വർധനക്ക് പകരം വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ പ്രധാന കമ്പനിയായി മാറിയിരിക്കുകയാണ് റിലയൻസ്. ബ്രിട്ടീഷ് പെട്രോളിയവുമായി ചേർന്ന് റിലയൻസ്, രാജ്യത്ത് രണ്ടായിരത്തിലധികം പമ്പുകളാണ് പ്രവർത്തിപ്പിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ ഔദ്യോഗിക നിയന്ത്രണങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇറാന്–യുഎസ് യുദ്ധത്തില്‍ താല്കാലിക വെടിനിര്‍ത്തല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 97 രൂപയായി കുറഞ്ഞിരുന്നു. രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്നും കപ്പലുകള്‍ക്ക് സുരക്ഷിതയാത്ര അനുവദിക്കാമെന്നും ഇറാനും സമ്മതിച്ചു. എന്നാല്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നതോടെ ഹോര്‍മുസ് ഇറാന് സൈന്യം വീണ്ടും അടച്ചു. ഇതോടെ വീണ്ടും പ്രതിസന്ധി കനത്തിട്ടുണ്ട്.
അതിനിടെ ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന് ടോള്‍ ഈടാക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. യുദ്ധത്തില്‍ ഇറാന് നേരിട്ട നഷ്ടം നികത്തുന്നതിനായി ടോള്‍ പിരിക്കല്‍ അമേരിക്ക അംഗീകരിക്കുമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് ഇറാനുമായി ചേര്‍ന്ന് ഭരിക്കുമെന്നായിരുന്നു ഇക്കാര്യത്തില്‍ ട്രംപിന്റെ ആദ്യ പ്രതികരണം. ഹോര്‍മുസിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് പണം ഈടാക്കാന്‍ തുടങ്ങിയാല്‍ ഇറാന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പിന്നീട് തിരുത്തുകയും ചെയ്തു.
#WestAsiaWar, #FuelCrisis, #ReliancePetroleum, #CrudeOil, #HormuzStrait, #FuelShortage, #WorldNewsMalayalam, #EconomyUpdate #FuelCrisisIndia, #RelianceBP, #CrudeOilPrice, #IranIsraelConflict, #HormuzStraitClosure, #EnergySecurity, #PetrolDieselUpdate, #InternationalRelations






