IndiaNEWS

അത് പുലിയല്ല; സത്യപ്രതിജ്ഞാ ചടങ്ങിനിടെ കണ്ട ജീവിയെക്കുറിച്ച് വെളിപ്പെടുത്തി പൊലീസ്

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി മന്ത്രി സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിലെ പ്രധാന വേദിക്ക് പിന്നിലൂടെ ഒരു ജീവി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ വൈറലായിരുന്നു. ഇത് പുള്ളിപ്പുലിയാണെന്നായിരുന്നു പലരും പ്രചരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ വ്യക്തതവരുത്തിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. തങ്ങളുടെ എക്‌സ് പേജിലൂടെയാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. അത് ഒരു വളര്‍ത്തുപൂച്ചയാണെന്നും വന്യജീവിയല്ലെന്നുമാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയത്.

ഞായറാഴ്ച വൈകിട്ട് രാഷ്ട്രപതിഭവനില്‍ മന്ത്രിമാര്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോഴാണ് സംഭവം ഉണ്ടാക്കുന്നത്. ബിജെപി എംപി ദുര്‍ഗാദാസ് സത്യപ്രതിജ്ഞാ നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനിടെ പുറകിലായി ഒരു ജീവി പ്രത്യക്ഷപ്പെട്ടതാണ് വൈറലായ വീഡിയോയില്‍ ഉണ്ടായിരുന്നത്. വേദിയിലെ പടികള്‍ക്ക് മുകളിലായി ഒരു ജീവി നടന്നുപോകുന്നത് കാണാം.

Signature-ad

ആ സമയത്ത് അത് ആരും ശ്രദ്ധിച്ചിരുന്നില്ല. ശേഷം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പലതരത്തിലുള്ള അഭിപ്രായങ്ങളും വന്നത്. നടന്നുപോയത് പൂച്ചയാണെന്നും നായയാണെന്നും പുലിയാണെന്നുമുള്ള വാദങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നത്. ദേശീയ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ഇത് ഏറ്റെടുത്തു. ഇതോടെയാണ് ഡല്‍ഹി പൊലീസ് വിശദീകരണവുമായി എത്തിയത്.

‘ചില മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയാ പേജുകളിലും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിലുടെ ഒരു ജീവി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് വന്യജീവിയാണെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ അത് ശരിയായ വിവരം അല്ല. അത് ഒരു വളര്‍ത്തുപൂച്ച മാത്രമാണ്. കിംവദന്തികള്‍ പരത്തരുത്’, പൊലീസ് എക്‌സില്‍ കുറിച്ചു.

 

Back to top button
error: