Breaking NewsLead NewsNEWSWorld

പാക്കിസ്ഥാൻ ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യം, അവരെ വിശ്വസിക്കുന്നില്ല, സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ആശ്രയിക്കുന്നത് യുഎസിനെ- ഇസ്രയേൽ അംബാസഡർ

ന്യൂഡൽഹി: അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ ഇന്ന് ഇസ്‌ലാമാബാദിൽ വച്ച് നടക്കാനിരിക്കേ, പാക്കിസ്ഥാനെ വിശ്വാസമില്ലെന്ന് ഇസ്രയേൽ. പാക്കിസ്ഥാൻ ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യമായതിനാൽ അവരെ വിശ്വസിക്കുന്നില്ലെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവെൻ അസർ വ്യക്തമാക്കി. ചർച്ചകൾ നടക്കുമ്പോൾ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അമേരിക്കയെയാണ് ഇസ്രയേൽ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ചകൾക്ക് ഇന്ന് പാക്കിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്. രണ്ടാഴ്ചത്തെ വെടിനിർത്തലിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതിനു പിന്നാലെയാണ്, തർക്കങ്ങൾ പരിഹരിക്കാൻ ഇസ്‌ലാമാബാദിൽ നേരിട്ടുള്ള ചർച്ചകൾ നടത്തുന്നത്. എല്ലാ ഉപരോധങ്ങളും നീക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഹോർമുസ് കടലിടുക്കിനുമേലുള്ള നിയന്ത്രണം അംഗീകരിക്കുക തുടങ്ങിയവ 10 ഇന ആവശ്യങ്ങളാണ് ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ വച്ചിരിക്കുന്നത്.

Signature-ad

അതുപോലെ ഹോർമുസിൽ കപ്പലുകൾക്ക് ചുങ്കം ഈടാക്കുന്നതിലൂടെ ധാരാളം പണം ലഭിക്കുമെന്നും ഈ പണം ഇറാനിലെ പുനർനിർമാണങ്ങൾക്ക് ഉപയോഗിക്കാമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇറാനെതിരെ ഉപരോധങ്ങളിൽ ഇളവുകൾ വാഗ്ദാനം ചെയ്ത ട്രംപ്, ഹോർമുസിൽ ഗതാഗതം സുഗമമാക്കാൻ യുഎസ് യുദ്ധക്കപ്പലുകൾ കാവലുണ്ടാകുമെന്നും പറഞ്ഞു. അതേസമയം ഹോർമുസിലൂടെ ഇനിമുതൽ അനുമതിയില്ലാതെ കപ്പലുകളെ വിടില്ലെന്ന് ഇറാനും വ്യക്തമാക്കിട്ടുണ്ട്.15 ഇന വെടിനിർത്തൽ പദ്ധതിയാണ് യുഎസ് പാക്കിസ്ഥാൻ വഴി ആദ്യം ഇറാനു കൈമാറിയത്. ഇതു തള്ളിയ ഇറാൻ 10 ഇന ബദൽപദ്ധതി വച്ചു. ഇതോടെ, ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ് അന്ത്യശാസനം നൽകി.

പിന്നാലെ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്രംപുമായി സംസാരിച്ചു. ആക്രമണം രണ്ടാഴ്ച നീട്ടിവയ്ക്കണമെന്ന് അഭ്യർഥിച്ചു. വെടിനിർത്തുമെങ്കിൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ സമ്മതിച്ചതോടെ കരാറിന് വഴിതെളിയുകയായിരുന്നു. ഇതിനിടെ ഇസ്രയേൽ ലെബനനിൽ നടത്തിയ കൂട്ടക്കുരുതി വെടിനിർത്തൽ കരാറിനെ പിന്നോട്ടടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: