തിരുവനന്തപുരം: മറാത്വാഡയ്ക്കുമുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലും ശക്തമായ കാറ്റോടുകൂടിയ മഴയുമാണ് ലഭിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നുമുതല്‍ ജൂണ്‍ 12 വരെ ശക്തമായ മഴയ്ക്കും, ജൂണ്‍ 11 & 12 തീയതികളില്‍ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റും ഉണ്ടാവുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
ഇന്നു മുതല്‍ പന്ത്രണ്ടുവരെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലായെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.