ആലപ്പുഴ: കേരള നവോത്ഥാന സമിതിയില്‍നിന്ന് രാജിവെച്ച വൈസ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂരിന്റെ രാജിയെ പരിഹസിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ”മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണെ”ന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞത്. ”ഹുസൈന്‍ മടവൂര്‍ പണ്ടേ മുസ്ലിംകളെ കുറിച്ച് തീവ്രവാദം പറഞ്ഞിട്ടുള്ള ആളാണ്. അങ്ങനെ ഒരാള്‍ നവോത്ഥാന സമിതിയില്‍ ഇരിക്കാന്‍ അര്‍ഹനല്ല. അക്കാര്യം അദ്ദേഹത്തിനറിയാം. മാത്രമല്ല സമിതിയില്‍ നിന്ന് രാജിവെക്കാന്‍ ആഗ്രഹിച്ചയാളാണ്. ഞാനൊരു സത്യം പറഞ്ഞപ്പോള്‍ ഒരു കാരണം കണ്ടുപിടിച്ച് രാജിവെക്കുകയായിരുന്നു. അദ്ദേഹം രാജിവെച്ചാല്‍ എനിക്കൊന്നുമില്ല”- വെള്ളാപ്പള്ളി പ്രതികരിച്ചു.
ഇടത് സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തി എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ഇതില്‍ പ്രതിഷേധിച്ചാണ് ഹുസൈന്‍ മടവൂര്‍ കേരള നവോത്ഥാന സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന സങ്കടകരമാണെന്നും. ആ സങ്കടം ബോധ്യപ്പെടുത്താനാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നത്. അദ്ദേഹം പ്രസ്താവന പിന്‍വലിക്കണമെന്നും ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടിരുന്നു.
മുസ്ലിം സമുദായം സര്‍ക്കാരില്‍നിന്ന് അവിഹിതമായി പലതും നേടിയെടുക്കുകയാണെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആരോപണം. ഇടതു സര്‍ക്കാര്‍ മുസ്ലിം പ്രീണനം നടത്തിയതുകൊണ്ടാണ് ഈഴവര്‍ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞതെന്നും അതാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.