തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതില്‍ എന്‍എസ്എസിന് അഭിമാനവും സന്തോഷവുമുണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തൃശ്ശൂരില്‍ ജയിച്ചതിനു പിന്നാലെ സുരേഷ് ഗോപിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം, കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടോയോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറായില്ല.
2015-ല്‍ എന്‍എസ്എസ് ആസ്ഥാനത്ത് ബജറ്റ് യോഗം നടക്കുന്നിടത്ത് എത്തിയ സുരേഷ് ഗോപിയോട് സുകുമാരന്‍ നായര്‍ അതൃപ്തി പ്രകടിപ്പിക്കുകയും ഇറക്കിവിടുകയും ചെയ്തത് വാര്‍ത്തയായിരുന്നു. പിന്നീട്, 2019-ല്‍ സുരേഷ് ഗോപി വീണ്ടും എന്‍എസ്എസ് ആസ്ഥാനത്ത് എത്തുകയും സുകുമാരന്‍നായരെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പും സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍നായരെ കണ്ടിരുന്നു.