തിരുവനന്തപുരം: സിനിമാ തിരക്കുകള്‍ പറഞ്ഞ് മന്ത്രിസഭയില്‍നിന്ന് ഒഴിയാന്‍ ശ്രമിച്ച സുരേഷ് ഗോപിക്ക് പൂര്‍ണ പിന്തുണ നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമയാണ് വരുമാന മാര്‍ഗമെന്നും ലഭിക്കുന്ന പണത്തില്‍ കൂടുതലും സമൂഹത്തിനായി ചെലവാക്കുകയാണെന്നും സുരേഷ് ഗോപി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. നിലവില്‍ ധാരണയായ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ സാഹചര്യം ഒരുക്കാമെന്നും ഡല്‍ഹിയിലേക്ക് ഉടന്‍ സത്യപ്രതിജ്ഞയ്ക്കായി പുറപ്പെടാനും പ്രധാനമന്ത്രി സുരേഷ് ഗോപിയോടു നിര്‍ദ്ദേശിക്കുകയായിരുന്നു.
സഹമന്ത്രി സ്ഥാനം ലഭിച്ചതില്‍ സുരേഷ് ഗോപി അതൃപ്തനാണെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയാന്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അത്തരം റിപ്പോര്‍ട്ടുകള്‍ തള്ളി സുരേഷ് ഗോപി രംഗത്തെത്തിയത്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനവും സിനിമാ തിരക്കുകളുടെ പശ്ചാത്തലത്തില്‍ സുരേഷ് ഗോപി വേണ്ടെന്നു വയ്ക്കുകയായിരുന്നു.
ആന്ധ്രയില്‍നിന്നുള്ള നേതാവായ നടന്‍ പവന്‍ കല്യാണിനും സുരേഷ് ഗോപിക്കും കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം നല്‍കാനാണ് ആലോചനയുണ്ടായിരുന്നത് എന്നാണ് സൂചന. പവന്‍ കല്യാണുമായി സുരേഷ് ഗോപി ചര്‍ച്ച നടത്തിയതായാണ് വിവരം. കാബിനറ്റ് റാങ്ക് ലഭിച്ചാല്‍ സിനിമയില്‍ അഭിനയിക്കുന്നതിലുള്ള തടസങ്ങള്‍ പവന്‍ കല്യാണ്‍ സുരേഷ് ഗോപിയെ അറിയിച്ചു. പവന്‍ കല്യാണ്‍ മന്ത്രിപദം ഏറ്റെടുത്തതുമില്ല. ഇതോടെയാണ് മന്ത്രിപദം ഏറ്റെടുക്കാനില്ലെന്ന് സുരേഷ് ഗോപി കേന്ദ്രത്തെ അറിയിച്ചത്. പ്രധാനമന്ത്രിയോടും ഇക്കാര്യം സുരേഷ് ഗോപി വിശദീകരിച്ചു.
സിനിമകള്‍ വേഗം തീര്‍ത്ത് കാബിനറ്റ് പദവിയിലേക്ക് വരാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. സിനിമകള്‍ തടസപ്പെടാത്ത സാഹചര്യം ഒരുക്കാമെന്നും വ്യക്തമാക്കി. ഇതോടെയാണ് സുരേഷ് ഗോപി സഹമന്ത്രി സ്ഥാനം ഏറ്റെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തീകരിച്ചാല്‍ സുരേഷ് ഗോപി കാബിനറ്റ് പദവിയിലേക്ക് എത്തുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.
ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രി സുരേഷ് ഗോപിയോട് സംസാരിച്ചത്. അപ്പോഴേക്കും രാവിലെ 6.10നുള്ള ഡല്‍ഹി വിമാനം പുറപ്പെട്ടിരുന്നു. ടിക്കറ്റ് ലഭ്യമല്ലെന്ന വിവരം സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചു. ബെംഗളൂരുവിലെത്തി ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലെത്താനായിരുന്നു നിര്‍ദേശം. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ 3 ടിക്കറ്റുകള്‍ ലഭിച്ചു. സുരേഷ് ഗോപിയും ഭാര്യയും ഭാര്യയുടെ അമ്മയും ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തു.