കൊച്ചി: സൈക്കിള്‍ മോഷണം പോയതിന്റെ സങ്കടം അറിയിക്കാന്‍ കത്തെഴുതിയ പത്താം ക്‌ളാസുകാരി അവന്തികയ്ക്ക് മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിക്കുന്നത് പുതിയ സൈക്കിള്‍. പുത്തന്‍ സൈക്കിളുമായി ജൂണ്‍ രണ്ടിന് കൊച്ചിയിലെത്തുന്ന മന്ത്രിയെ കാത്തിരിക്കുകയാണ് എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്‌ളാസ് ഫുള്‍ എ പ്‌ളസോടെ പാസായ അവന്തിക.
പാലാരിവട്ടം വട്ടത്തിപ്പാടത്തെ വാടകവീട്ടില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെ വെണ്ണലയില്‍ അവന്തിക ട്യൂഷന് പോയിരുന്നത് ബി.എസ്.എ ലേഡി ബേര്‍ഡ് സൈക്കിളിലായിരുന്നു. പുലര്‍ച്ചെ ആറിന് ട്യൂഷന് പോയി തിരിച്ചെത്തിയിട്ടു വേണം ബസില്‍ സ്‌കൂളില്‍ പോകാന്‍.
മേയ് 21ന് ട്യൂഷന്‍ കഴിഞ്ഞ് സൈക്കിള്‍ വീട്ടുമുറ്റത്തുവച്ചു. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോള്‍ സൈക്കിളില്ല. തുടര്‍ന്ന് സമീപത്തെ ഫ്‌ളാറ്റിലെ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ഒരാള്‍ സൈക്കിളെടുത്ത് പോയെന്ന് വ്യക്തമായി. പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ആറായിരം രൂപയുടെ സൈക്കിള്‍ നഷ്ടമായതിന്റെ സങ്കടമറിയിക്കാന്‍ മന്ത്രി ശിവന്‍കുട്ടിക്ക് ഇ-മെയിലയച്ചത്. മന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് സൈക്കിള്‍ സമ്മാനിക്കാന്‍ മന്ത്രി തീരുമാനിച്ചത്.
ഗുരുവായൂര്‍ സ്വദേശിയും പച്ചക്കറിക്കടയിലെ തൊഴിലാളിയുമായ ഗിരീഷിന്റെയും വീട്ടമ്മയായ നിഷയുടെയും മകളാണ് അവന്തിക. എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്‌ളസ് വണ്‍ സയന്‍സില്‍ പ്രവേശനം നേടിയിട്ടുണ്ട്. മെഡിക്കല്‍ പഠനത്തിന് ശ്രമിക്കണം. അല്ലെങ്കില്‍ അദ്ധ്യാപികയാവണം എന്നതാണ് അവന്തികയുടെ മോഹം. അനുജന്‍ അവനീഷ് എസ്.ആര്‍.വി സ്‌കൂളില്‍ ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്.