CrimeNEWS

49 സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ പന്നിത്തീറ്റയാക്കി; കൊടുംകുറ്റവാളിയെ ജയിലില്‍ സഹതടവുകാരന്‍ തല്ലിക്കൊന്നു

ഒട്ടാവ(കാനഡ): 49 സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പന്നികള്‍ക്ക് ഭക്ഷണമാക്കിയ കൊടുകുറ്റവാളി ജയിലില്‍ സഹതടവുകാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കനേഡിയന്‍ സീരിയര്‍ കില്ലറായ റോബര്‍ട്ട് പിക്ടണാ(71) ണ് മരിച്ചത്. വാന്‍കൂവറിന് സമീപമുള്ള തന്റെ പന്നി ഫാമിലേക്ക് സ്ത്രീകളെ കൊണ്ടുവന്ന് കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ പന്നിക്ക് തീറ്റയായി നല്‍കുകയായിരുന്നു. കൊടുംകുറ്റവാളിയായ പിക്ടണ് 25 വര്‍ഷത്തേക്ക് പരോള്‍ പോലും നല്‍കാന്‍ പാടില്ലെന്ന് കോടതി വിധിച്ചിരുന്നു.

മേയ് 19 ന് ക്യൂബെക്ക് പ്രവിശ്യയിലെ പോര്‍ട്ട്-കാര്‍ട്ടിയര്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ മറ്റൊരു അന്തേവാസി നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിക്ടണ്‍ വെള്ളിയാഴ്ച മരിച്ചുവെന്ന് കറക്ഷണല്‍ സര്‍വീസ് ഓഫ് കാനഡ പ്രസ്താവനയില്‍ അറിയിച്ചു. പിക്ടണിനെ ആക്രമിച്ച 51 കാരനായ തടവുകാരന്‍ കസ്റ്റഡിയിലാണെന്ന് പൊലീസ് വക്താവ് ഹ്യൂഗ്‌സ് ബ്യൂലിയു വ്യക്തമാക്കി.പടിഞ്ഞാറന്‍ കാനഡയില്‍ പന്നി ഫാം നടത്തുകയായിരുന്നു പിക്ടണ്‍.

Signature-ad

2007ലാണ് പിക്ടണ്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. 26 സ്ത്രീകളെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. എന്നാല്‍ താന്‍ 49 സ്ത്രീകളെ കൊന്നതായി പിക്ടണ്‍ ഒരു രഹസ്യ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.തുടര്‍ന്ന് പോര്‍ട്ട് കോക്വിറ്റ്ലാമിലെ വാന്‍കൂവറിന്റെ പ്രാന്തപ്രദേശത്തുള്ള പിക്ടണ്‍ ഫാമില്‍ നിന്നും 33 സ്ത്രീകളുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. വിചാരണക്കിടെ പ്രതി സ്ത്രീകളെ കഴുത്തുഞെരിച്ചു കൊന്നുവെന്നും മൃതദേഹാവശിഷ്ടങ്ങള്‍ പന്നികള്‍ക്ക് നല്‍കിയെന്നും പിക്ടണ്‍ തന്നോട് പറഞ്ഞതായി പ്രോസിക്യൂഷന്‍ സാക്ഷി ആന്‍ഡ്രൂ ബെല്‍വുഡ് വ്യക്തമാക്കിയിരുന്നു. മനുഷ്യ മാംസത്തിന്റെ അവശിഷ്ടങ്ങള്‍ അടങ്ങിയിരിക്കാമെന്ന് പിക്ടണ്‍ ഫാമില്‍ നിന്ന് പന്നിയിറച്ചി വാങ്ങുന്ന അയല്‍വാസികള്‍ക്ക് ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

90കളുടെ അവസാനത്തിലാണ് വാന്‍കൂവറില്‍ തെരുവുകളിലും മറ്റും കഴിഞ്ഞിരുന്ന നിരവധി സ്ത്രീകളെ കാണാതായത്. കാണാതായവരില്‍ പലരും ലൈംഗികത്തൊഴിലാളികളോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ ആയതിനാല്‍ കേസുകള്‍ ഗൗരവമായി എടുക്കാത്തതിന് വാന്‍കൂവര്‍ പൊലീസിനെതിരെ വിമര്‍ശമുയര്‍ന്നിരുന്നു. 1997നും 2001നും ഇടയിലാണ് കൂട്ടക്കൊലപാതകം നടന്നത്. 2002ലാണ് പിക്ടണെ അറസ്റ്റ് ചെയ്യുന്നത്.

 

Back to top button
error: