തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും പാര്‍ട്ടി മുഖപത്രത്തിന്റെ ചീഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശനെ രാജ്യസഭയിലേക്ക് മത്സരിപ്പിച്ചേക്കും. ഇത് കണക്കിലെടുത്താണ് മറ്റൊരു സെക്രട്ടേറിയറ്റംഗമായ എം. സ്വരാജിനെ പാര്‍ട്ടി മുഖപത്രത്തിന്റെ റെസിഡന്റ് എഡിറ്റര്‍ ചുമതല ഏല്‍പ്പിക്കാനുള്ള തീരുമാനമെന്നാണ് വിവരം.
ദേശാഭിമാനി റെസിഡന്റ് എഡിറ്ററായി എം. സ്വരാജിനെ നിയമിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റംഗമാണ് സ്വരാജ്. നിലവിലെ റെസിഡന്റ് എഡിറ്റര്‍ വി.ബി. പരമേശ്വരന്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം.
തൃപ്പൂണിത്തുറ മുന്‍ എംഎല്‍എയായ സ്വരാജ് നേരത്തെ ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ എഡിറ്ററായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.