തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാസം തോറും നിശ്ചിത തുക ഈടാക്കി ‘ജീവാനന്ദം’ എന്നപേരില്‍ ആന്വിറ്റി സ്കീം നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍. ജീവനക്കാര്‍ക്കായി കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പുവഴി നടപ്പാക്കാനാണ് തീരുമാനം.
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിനല്കാന് ഇന്‍ഷുറന്‍സ് വകുപ്പിനോട് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിസെപ് എന്ന ചികിത്സാ പദ്ധതി അടക്കം നാല് ഇന്‍ഷ്വറന്‍സ് പദ്ധതികളും പ്രതിമാസ പെന്‍ഷനും ഉണ്ടായിരിക്കേയാണ് പുതിയ പദ്ധതി.
നിലവില്‍ മെഡിസെപ് ചികിത്സാപദ്ധതിക്കായി പ്രതിമാസം 500 രൂപവീതം ജീവനക്കാരില്‍നിന്നും പിടിക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍കാരില്‍നിന്ന് 10 ശതമാനത്തില്‍ കുറയാത്ത തുക പെന്‍ഷന്‍ഫണ്ടിലേക്ക് ഈടാക്കുന്നുമുണ്ട്. പിഎഫ് അടക്കം മറ്റ് വിഹിതവും ജീവനക്കാര്‍ നല്‍കുന്നുണ്ട്.
സര്‍ക്കാര്‍ ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള കുറുക്കുവഴിയാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ശമ്പളത്തിന്റെ പത്തുശതമാനംവീതം ഈടാക്കിയാല്‍പോലും പ്രതിമാസം കോടികള്‍ സര്‍ക്കാരിന് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാകും. ജീവനക്കാരുടെ ശമ്പളം പിടിച്ച് സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ ആരോപണം.
സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ച് മേയ് 29ന് ഉത്തരവിറക്കി. ആന്വറ്റി എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് 2024-25ലെ ബജറ്റില്‍ ധനമന്ത്രി കെഎം ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു.