KeralaNEWS

മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയ പശ്ചാത്തലത്തില്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ 5 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്.

കേരളത്തില്‍ കാലവര്‍ഷമെത്തിയതായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം സ്ഥിരീകരിച്ചത്. അതേസമയം ഈ വര്‍ഷം കേരളത്തില്‍ കാലവര്‍ഷത്തിന് മുന്നോടിയായി വ്യാപകമായ മഴയാണ് ലഭിച്ചത്. ശക്തമായ പടിഞ്ഞാറന്‍ കാറ്റിന്റെയും അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴിയുടെയും സ്വാധീന ഫലമായി വരും ദിവസങ്ങളിലും മഴ തുടരും. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തി.

Signature-ad

അതേസമയം, കോട്ടയത്ത് വീണ്ടും മഴ ശക്തമായി. പാലാ, മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലും കോട്ടയം നഗരത്തിലും ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചു.പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതും ജനങ്ങളെ വലച്ചു. 20 മണിക്കൂര്‍ മഴ മാറി നിന്ന ശേഷമാണ് ജില്ലയില്‍ വീണ്ടും മഴ കനത്തത്.

മഴയെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളേജ് ന്യൂറോ ഐസിയുവിന് സമീപം കൂട്ടിരിപ്പുകാര്‍ ഇരിക്കുന്ന ഭാഗത്തും ഒപി ബ്ലോക്കിലും വെള്ളക്കെട്ടുണ്ടായി. ജീവനക്കാര്‍ ഒരു മണിക്കൂറോളം ശ്രമപ്പെട്ടാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. മീനച്ചില്‍, മണിമല ആറുകളിലും ജലനിരപ്പ് ഉയര്‍ന്നു. നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം. നിലവില്‍ ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

Back to top button
error: