കൊല്ലം: ടയറില്ലാത്ത കാര്‍ ദേശീയപാതയിലൂടെ ഓടിച്ചത് 15 കിലോമീറ്റര്‍. യാത്രയ്ക്കിടെ നിരവധി വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു. കാര്‍ ഡ്രൈവര്‍ സാംകുട്ടിയെ കൊട്ടാരക്കര നെടുവത്തൂരില്‍ നിന്നാണ് പിടികൂടിയത്.
പുനലൂര്‍ മുതല്‍ കൊട്ടാരക്കര വരെ ദേശീയപാതയിലൂടെ കഴിഞ്ഞ രാത്രി യാത്ര ചെയ്തവര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പുനലൂര്‍ കോട്ടവട്ടത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വരികയായിരുന്നു പുനലൂര്‍ സ്വദേശി സാംകുട്ടി. യാത്രയ്ക്കിടെ കാറിന്റെ ടയര്‍ പഞ്ചറായി. ഇത് അവഗണിച്ച് സാംകുട്ടി അമിതവേഗത്തില്‍ യാത്ര തുടര്‍ന്നു. ടയര്‍ പൂര്‍ണമായും അരഞ്ഞുമാറി. പിന്നീട് കാറിന്റെ ഡിസ്കിലായി യാത്ര. അതിനിടെ ഇരുചക്രവാഹനയാത്രക്കാരെ അടക്കം അഞ്ച് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു.
നെടുവത്തൂരിന് സമീപം വെച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സാംകുട്ടിയുടെ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഗ്ലാസ് തകര്‍ത്താണ് ഇയാളെ പുറത്തിറക്കിയത്. മദൃലഹരിയായിരുന്നു സാംകുട്ടിയുടെ സാഹസമെന്നാണ് സൂചന.