തിരുവനന്തപുരം: അമ്മയെ പൂട്ടിയിട്ടശേഷം മകന്‍ വീടിനു തീവച്ചു. വെമ്പായം പ്ലാക്കീഴ് സ്വദേശിയായ ബിനുവാണ് വീടിനു തീവച്ചത്. രാവിലെയായിരുന്നു സംഭവം. ബിനു മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരെത്തി തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി. അമ്മ വീടിനു പുറകുവശം വഴി ഇറങ്ങിയോടി.
വെഞ്ഞാറമൂട് മാണിക്കല്‍ പഞ്ചായത്ത് പ്ലാക്കീഴ് കുന്നുമുകളില്‍ ചെമ്പന്‍ ബിനു എന്നു വിളിക്കുന്ന ബിനു (42) മദ്യ ലഹരിയില്‍ സ്വന്തം വീട് കത്തിക്കുകയായിരുന്നു. രണ്ടു ദിവസം മുന്‍പേ മാതാവിനെ വിളിച്ചുവരുത്തി തലയില്‍ ചൂടുവെള്ളം എടുത്തൊഴിച്ചു. പരിസരവാസികള്‍ക്ക് ശല്യമാണ് ബിനുവെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ വീടുകളിലെ ബള്‍ബുകളും ജനലുകളും അടിച്ചു തകര്‍ക്കും. മദ്യപിച്ചു കഴിഞ്ഞാല്‍ നാട്ടുകാരെ തെറി പറയുന്നതും പതിവാണ്.
രാവിലെ 10 മണിയോടെയാണ് വീടിനു തീയിട്ടത്. ഒറ്റ നില വീട്ടിലെ ടൈല്‍സും സാധന സാമഗ്രികളും കത്തി നശിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ നാട്ടുകാര്‍ നേരത്തേ നിരവധി പരാതി നല്‍കിയിട്ടുണ്ട്. മുന്‍പ് ജയിലിലും കിടന്നിരുന്നു. വീട് കത്തി പുക പടര്‍ന്നതോടെ പ്രദേശവാസികള്‍ ഓടിക്കൂടി വെള്ളം ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടിച്ചുകെട്ടി ലഹരി വിമോചന ചികിത്സയ്ക്കായി പേരൂര്‍ക്കടയിലേക്ക് കൊണ്ടുപോയി.