ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയുടെ പി.എ. അറസ്റ്റില്‍. 500 ഗ്രാം സ്വര്‍ണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാര്‍ പ്രസാദും കൂട്ടാളിയും പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തത്.
വിദേശത്തുനിന്നെത്തിയ ആളുടെ പക്കല്‍നിന്ന് സ്വര്‍ണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുബായില്‍നിന്ന് എത്തിയ യാത്രക്കാരനെ സ്വീകരിക്കാനാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എയര്‍ഡ്രോം എന്‍ട്രി പെര്‍മിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ചതെന്ന് കസ്റ്റംസ് പറഞ്ഞതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തില്‍ കയറിയ ഇയാള്‍ യാത്രക്കാരനില്‍നിന്ന് പാക്കറ്റ് സ്വീകരിക്കുകയായിരുന്നുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.