മുംബൈ: പൂനയില്‍ പതിനേഴുകാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ടു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. അപകടം തേച്ചുമായ്ച്ചുകളയാന്‍ പ്രതിയായ കൗമാരക്കാരന്റെ കുടുംബം നടത്തിയ ഇടപെടലുകളും ഇതിനോടകം തന്നെ വന്‍വിവാദത്തിലേക്ക് നയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മുംബൈയില്‍ പതിനേഴുകാരന്‍ ഓടിച്ച ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിലിരുന്ന് മറ്റുള്ളവര്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ കൗമാരക്കാരന്റെ പിതാവും ബോണറ്റില്‍ യാത്ര ചെയ്തയാളും അറസ്റ്റിലായി.
മുംബൈയിലെ കല്യാണിലെ ശിവാജി ചൗക്ക് ഏരിയയിലെ തിരക്കേറിയ റോഡുകളിലാണ് കൗമാരക്കാരന്‍ കാറോടിച്ചത്. ഇതിന്റെ ബോണറ്റില്‍ സുഭം മതാലിയ എന്നയാള്‍ കിടക്കുന്നതും വീഡിയോയില്‍ കാണാം. അപകടരമായ യാത്ര കണ്ട് കാല്‍നടക്കാരും മറ്റ് വാഹനത്തിലെ ഡ്രൈവര്‍മാരും അമ്പരന്ന് നില്‍കുന്നതും വീഡിയോയിലുണ്ട്. റോഡിലുണ്ടായിരുന്നവരാണ് ഈ അപകട യാത്ര ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. കൗമാരക്കാരന്റെ പിതാവിന്റെ പേരിലാണ് ബിഎംഡബ്ല്യു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെയും ബോണറ്റില്‍ യാത്ര ചെയ്ത 21 കാരനായ മതാലിയെയും അറസ്റ്റ് ചെയ്തതായി കല്യാണ് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
മെയ് 19 ന് പുലര്‍ച്ചെയാണ് എഞ്ചിനീയര്‍മാരായ അശ്വിനി കോസ്ത, അനീഷ് അവാധിയ എന്നിവരുടെ മരണത്തിനിടയാക്കിയ പൂന പോര്‍ഷെ കാറപടകം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പോര്‍ഷെ കാര്‍ ഇടിക്കുകയുായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ ബാലന് ജാമ്യം അനുവദിച്ചു. റോഡപകടങ്ങളെക്കുറിച്ച് 300 വാക്കുകളുള്ള ഉപന്യാസം എഴുതാന്‍ ആവശ്യപ്പെട്ടും 15 ദിവസം ട്രാഫിക് പൊലീസുകാരോടൊപ്പം പ്രവര്‍ത്തിക്കാനും മദ്യപാന ശീലത്തെക്കുറിച്ച് കൗണ്‍സിലിംഗ് തേടാനും നിര്‍ദേശിച്ചാണ് ജാമ്യം നല്‍കിയത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നീടാണ് ഉത്തരവ് പരിഷ്‌ക്കരിച്ച് പ്രതിയെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചത്.