ആലപ്പുഴ: സാധനങ്ങള്‍ വാങ്ങിയ കസ്റ്റമര്‍ ഫോണ്‍പേ വഴി പണം നല്‍കിയതിന് പിന്നാലെ കടയുടമയുടെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ആലപ്പുഴ തലവടി പുത്തന്‍പുരയ്ക്കല്‍ പി എസ് സിന്ധുവിന്റെ അക്കൗണ്ട് മുംബയ് പൊലീസാണ് മരവിപ്പിച്ചത്. തലവടി സ്വദേശിനിയായ യുവതിയാണ് ഫോണ്‍പേ വഴി സിന്ധുവിന് പണം നല്‍കിയത്.
കഴിഞ്ഞമാസം 24നാണ് സാധനങ്ങള്‍ വാങ്ങിയതിനുശേഷം യുവതി സിന്ധുവിന് 1000 രൂപ ഫോണ്‍പേയിലൂടെ കൈമാറിയത്. സ്വകാര്യബാങ്കിന്റെ തലവടി ശാഖയിലാണ് സിന്ധുവിന് അക്കൗണ്ടുള്ളത്. മേയ് രണ്ടിനാണ് സിന്ധുവിന് ബാങ്കില്‍ നിന്ന് ആദ്യ നോട്ടീസ് ലഭിക്കുന്നത്. ഫോണ്‍പേയിലൂടെ സ്വീകരിച്ച 1000 രൂപ പിന്‍വലിക്കാനാകില്ലെന്നായിരുന്നു നോട്ടീസില്‍ അറിയിച്ചിരുന്നത്. മേയ് ആറിന് വീണ്ടും നോട്ടീസ് ലഭിച്ചതിന് പിന്നാലെ പണം നല്‍കിയ യുവതിയുമായി സിന്ധു ബാങ്കിലെത്തി. അപ്പോഴാണ് യുവതിയുടെ അക്കൗണ്ടും പൊലീസ് മരവിപ്പിച്ചിരിക്കുന്നതായി അറിയുന്നത്.
കഴിഞ്ഞ 22ന് ബാങ്കില്‍ നിന്ന് സിന്ധുവിന് മറ്റൊരു നോട്ടീസ് കൂടി ലഭിച്ചു. അക്കൗണ്ട് പൂര്‍ണമായും മരവിപ്പിച്ചതായാണ് നോട്ടീസിലുണ്ടായിരുന്നത്. മുംബയ് പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞത്.
സിന്ധുവിന് ഫോണ്‍പേ വഴി പണം നല്‍കിയ യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് അയച്ചുനല്‍കിയ പണമാണ് ഫോണ്‍പേയിലൂടെ സിന്ധുവിന് നല്‍കിയത്. യുവതി എടത്വായിലെ ഒരു ഇലക്ട്രിക് കടയിലും ഫോണ്‍പേയിലൂടെ പണം നല്‍കിയിരുന്നു. ഈ കടയുടമയുടെ അക്കൗണ്ടും മരവിപ്പിച്ചതായാണ് വിവരം.
അക്കൗണ്ട് മരവിപ്പിച്ചതില്‍ സിന്ധു എടത്വാ പൊലീസില്‍ പരാതി നല്‍കി. എടത്വാ പൊലീസ് ആദ്യമായാണ് ഇത്തരം കേസ് കൈകാര്യം ചെയ്യുന്നതിനാല്‍ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കാന്‍ സിന്ധുവിനോട് നിര്‍ദേശിച്ചു.